നൂറ്റാണ്ടിനിപ്പുറം നീണ്ട കിരീട കാത്തിരിപ്പുകൾക്ക് അറുതിയായ വർഷം പകുതി പിന്നിടുമ്പോൾ അതിശയിക്കാനേെറയുണ്ട്
കായിക ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ 2024-25 സീസൺ ഒരു അടയാളപ്പെടുത്തലിന്റെ വർഷമാകും. ആസ്വാദകർക്ക് സുന്ദരമായ കളി വിരുന്നൊരുക്കിയ ഈ സീസൺ മൈതാനത്തെ അനന്തമായ സ്വപ്നങ്ങൾക്കും നിറം പകർന്നു. നൂറ്റാണ്ട് പഴക്കമുള്ള ക്ലബിന്റെയും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള താരങ്ങളുടേതുമുൾെപ്പടെ കാലങ്ങളായുള്ള കിരീടമോഹങ്ങൾക്ക് ഈ സീസണിൽ അറുതിയായി.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർമിലാനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപിച്ചാണ് പി.എസ്.ജി ചരിത്ര വിജയം നേടിയത്. 1970 ൽ സ്ഥാപിച്ച ക്ലബിന്റെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ടീം സ്വന്തമാക്കിയത്.
കരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുനൈറ്റഡ് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചു. ഒരു കിരീടത്തിനായുള്ള അവരുടെ 1969 മുതൽ ഉള്ള കാത്തിരിപ്പിന് 70 വർഷങ്ങൾക്കിപ്പുറം അന്ത്യം കുറിച്ചു.
യുവേഫ യൂറോപ ലീഗ് കിരീടം നേടിയ ടോട്ടൻഹാം ഹോട്ട്സ്പർ 17 വർഷത്തെ കിരീട ദാരിദ്ര്യത്തിനാണ് അന്ത്യം കുറിച്ചത്. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടൻഹാം യൂറോപ ലീഗ് കിരീടം സ്വന്തമാക്കി. നീണ്ട 10 വർഷമായി ടീമിനൊപ്പം കളിച്ച കൊറിയൻ താരം സൺ ഹ്യൂങ് മിന്നിനും ഇതു മധുരനേട്ടമായിരുന്നു.
യുവേഫ യൂറോപ കോൺഫറൻസ് കിരീടത്തിൽ ചെൽസി മുത്തമിട്ടു. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നായിരുന്നു ചെൽസിയുടെ കിരീടധാരണം. 2021ൽ ആരംഭിച്ച ലീഗിൽ ചെൽസിയുടെ കന്നികിരീടമാണിത്.
എഫ്.എ കപ്പിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലീഷ് ക്ലബായ ക്രിസ്റ്റൽ പാലസ് ക്ലബ് ചരിത്രത്തിൽ ആദ്യമായൊരു കിരീടം ചൂടി. 1905ൽ സ്ഥാപിച്ച ക്ലബിന്റെ നീണ്ട 119 സംവത്സരങ്ങളുടെ കാത്തിരിപ്പായിരുന്നു ഈ കിരീടധാരണം.
കോപ്പ ഇറ്റാലിയയിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി 51 വർഷങ്ങൾക്ക് ശേഷം ബൊലോഗ്ന ചാമ്പ്യൻമാരായി.
നീണ്ട 15 വർഷം മൈതാനത്ത് നിറഞ്ഞുകളിച്ചിട്ടും, പ്രീമിയർ ലീഗിൽ മൂന്നു തവണ ഗോൾഡൻ ബൂട്ട് ജേതാവായിട്ടും കിരീടമില്ലാതിരുന്ന ഹാരികെയ്നും 2025 ൽ വിജയമധുരം നുണഞ്ഞു. ബുണ്ടസ് ലീഗിലെ ബയേണിന്റെ 33 ാം കിരീടനേട്ടത്തോടെ കെയ്നിന്റെ കാത്തിരിപ്പ് കൂടിയാണവസാനിച്ചത്.
ആസ്ട്രേലിയൻ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഹൊബാർട്ട് ഹരികെയ്ൻസ് ടൂർണമെന്റിന്റെ ജേതാക്കളായി. രണ്ടു തവണ ബിഗ് ബാഷ് ക്രിക്കറ്റിന്റെ ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മൂന്നാം തവണ ഹരികെയ്ൻസ് ചാമ്പ്യന്മാരായത്.
നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരു വിജയതീരമണഞ്ഞത്. ആദ്യ സീസൺ മുതൽ ടീമിനൊപ്പമുണ്ടായിരുന്ന വിരാട് കോഹ് ലിക്ക് ഈ വിജയം ഏറെ വൈകാരികമായിരുന്നു. കാത്തിരിപ്പിനിടയിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടത്തിന്റെ ദുഃഖഭാരങ്ങളെല്ലാം അഹ്മദാബാദിലെ വിജയകണ്ണീര് കൊണ്ടവർ കഴുകിത്തീർത്തു. ആ സ്വപ്നനിമിഷത്തിന് നേർസാക്ഷികളാവാൻ പഴയ താരങ്ങളായ ക്രിസ് ഗെയിലും എ.ബി ഡിവില്ലേയ്സുമുൾപ്പെടെയുള്ളവർ ഗാലറിയിലെത്തി. അലറി വിളിച്ച ആരാധകർക്ക് മുന്നിൽ ആത്മാഭിനാത്തോടെ അവർ തലയുയർത്തി നിന്നു. 'യെ സാല കപ്പ് നാംദെ' അവരൊരുമിച്ച് പറഞ്ഞു.
91 വർഷം കിരീടമില്ലാതിരുന്ന ഡച്ച് ക്ലബായ ഗോ എഹെഡ് ഈഗിൾസ് കെ.എൻ.വി.ബി കപ്പിൽ മുത്തമിട്ടു. ഫൈനലിൽ ആസെ ആക്മറുമായി സമനിലയിൽ പിരിഞ്ഞ ശേഷം ടൈ ബ്രേക്കറിലായിരുന്നു ഈഗിൾസിന്റെ ചരിത്രവിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.