നിന്നെ ഇവിടെ കാണാനാണ് ഞാൻ ആഗ്രഹിച്ചത്; ശിഷ്യന് അഭിനന്ദനവുമായി യുവരാജ് സിങ്

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യ 150 റൺസിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. 20 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് അടിച്ചുക്കൂട്ടിയത്. ഇന്ത്യക്ക് വേണ്ടി 54 പന്തിൽ നിന്നും 135 റൺസ് സ്വന്തമാക്കിയ അഭിഷേക് ശർമയാണ് വിജയത്തിൽ ചുക്കാൻ പിടിച്ചത്. 13 സിക്സറും ഏഴ് ഫോറുമടങ്ങിയതാണ് താരത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്.

ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന ട്വന്‍റി-20 അന്താരാഷ്ട്ര സ്കോർ ഇതോടെ അഭിഷേക് ശർമ സ്വന്തം പേരിൽ കുറിച്ചു. താരത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സിന് ശേഷം അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും അഭിഷേക് ശർമയുടെ മെന്‍ററുമായ യുവരാജ് സിങ്.

'നീ നന്നായി കളിച്ചു അഭിഷേക്! നിന്നെ ഇവിടെ എത്തിയിരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിച്ചത്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു,' യുവരാജ് കുറിച്ചു.

അവസാന ട്വന്‍റി-20യിൽ ജയിച്ചതോടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച തീരുമാനം തെറ്റായെന്ന് ആദ്യ ഓവർ മുതൽ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ തിരിച്ചറിഞ്ഞു. ആർച്ചറുടെ ആദ്യ ഓവറിൽ നന്നായി തല്ലി പ്രതീക്ഷ നൽകിയ സഞ്ജു 16 ൺസുമായി മടങ്ങിയെങ്കിലും അഭിഷേകിന്‍റെ ബാറ്റ് മൈതാനത്ത് തീ പടർത്തി.

17 പന്തിൽ അർധ സെഞ്ച്വറി തികച്ച അഭിഷേക് 18 പന്ത് കൂടിയെടുത്ത് 100 കടന്നു. 35 പന്തിൽ ശതകം നേടിയ രോഹിത് മാത്രമാണ് ഇന്ത്യക്കാരിൽ താരത്തിന് മുന്നിൽ. കൂട്ടു നൽകേണ്ടവർ പലപ്പോഴായി കൂടാരം കയറിയപ്പോഴും ആധികളില്ലാതെ നങ്കൂരമിട്ട അഭിഷേക്, സ‌്പിന്നും പേസുമെന്ന വ്യത്യാസമില്ലാതെ പ ന്തുകൾ അതിർത്തി കടത്തി.

13 സിക്സറാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. ശിവം ദുബെ 30ഉം തിലക് വർമ 24ഉം റൺസെടുത്തു. ബ്രൈഡൻ കാഴ്‌സ് മൂന്നും മാർക് വുഡ് രണ്ടും വിക്കറ്റു വീഴ്ത്തി. അർഷ്ദീപ് സിങ്ങിന് പകരം ടീമിലിടം ലഭിച്ച മുഹമ്മദ് ഷമി വരെ ബാറ്റെടുത്തപ്പോഴും ഇന്ത്യൻ ഇന്നിങ്സ് കുതിച്ചുകൊണ്ടിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അതിവേഗം തകരുന്നതായിരുന്നു കാഴ്‌ച. ഓപണർ ബെൻ ഡക്കറ്റിനെ മടക്കി മുഹമ്മദ് ഷമി തുടക്കമിട്ടത് ഒടുക്കം താരം തന്നെ പൂർത്തിയാക്കി. വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തപ്പോൾ 11-ാം ഓവർ എറിഞ്ഞ് ഷമി അവസാന രണ്ടുവിക്കറ്റും വീഴ്ത്തി കളി തീരുമാനമാക്കി. ഇരു ടീമുകളും തമ്മിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച‌ നടക്കും. അഭിഷേക് കളിയിലെ താരമായപ്പോൾ വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരമായത്. 

Tags:    
News Summary - Yuvraj Singh Praises Abhishek Sharma after his brutal batting against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.