‘ഞാൻ തന്ന ബാറ്റ് പൊട്ടിച്ചിട്ട്, അടുത്ത കളിക്ക് വേറെ വേണമെന്നാണോ പറയുന്നത്?’; മറ്റൊരു ബാറ്റ് ആവശ്യപ്പെട്ട റിങ്കുവിനെ തിരിച്ചയച്ച് കോഹ്‍ലി

ബംഗളൂരു: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഞായറാഴ്ച പോരിനിറങ്ങുന്നതിന് മുന്നോടിയായി കൊൽക്കത്ത താരം റിങ്കു സിങ്ങും ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിയും തമ്മിലുള്ള ബാറ്റുമായി ബന്ധപ്പെട്ട രസകരമായ സംഭാഷണത്തിന്റെ വിഡിയോ പുറത്ത്. സമൂഹ മാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് വിഡിയോ പുറത്തുവിട്ടത്.

പരിശീലം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റിങ്കു കോഹ്‍ലിയുടെ അടുത്തെത്തിയത്. താങ്കള്‍ എനിക്ക് സമ്മാനിച്ച ബാറ്റ് പൊട്ടിയെന്നായിരുന്നു റിങ്കുവിന്റെ പരാതി. എനിക്ക് പുതിയൊരു ബാറ്റ് തരുമോയെന്നും ചോദിക്കുന്നുണ്ട്. നീ ഞാൻ തന്ന ബാറ്റ് പൊട്ടിച്ചിട്ട്, ഇപ്പോള്‍ അടുത്തകളിക്ക് വേറെ ബാറ്റ് വേണമെന്നാണോ പറയുന്നതെന്ന് ചോദിക്കുന്ന കോഹ്‍ലി, നീ കാരണം ഞാനാണ് ബാറ്റില്ലാതെ പ്രതിസന്ധിയിലാവുന്നതെന്നും പറഞ്ഞ് താരം നടന്നുനീങ്ങുന്നതാണ് വിഡിയോയിൽ.

താരങ്ങളുടെ സംഭാഷണം ഇങ്ങനെ...

റിങ്കു സിങ്: നിങ്ങള്‍ എനിക്ക് നല്‍കിയ ബാറ്റ് സ്പിന്നറുടെ പന്ത് നേരിടുമ്പോള്‍ പൊട്ടി.

കോഹ്‍ലി: എന്‍റെ ബാറ്റോ? സ്പിന്നർ പൊട്ടിച്ചോ?

റിങ്കു: അതെ.

കോഹ്‍ലി: എവിടെയാണ് പൊട്ടിയത്​?.

റിങ്കു: (ബാറ്റിന്‍റെ മധ്യഭാഗം കാണിക്കുന്നു) ഈ ഭാഗം പൂർണമായി പൊട്ടി.

കോഹ്‍ലി: അതിന് ഞാനെന്താ ചെയ്യേണ്ടത്?.

റിങ്കു: ഒന്നും വേണ്ട. താങ്കളെ അറിയിച്ചെന്നേയുള്ളൂ.

കോഹ്‍ലി: നീ പറഞ്ഞത് നല്ല കാര്യം. എന്നാൽ, എനിക്ക് ഇത്തരം വിവരങ്ങളൊന്നും ആവശ്യമില്ല.

(ഈ സമയം റിങ്കു കോഹ്‍ലിയുടെ ബാറ്റെടുത്ത് പന്ത് തട്ടുന്നു)

കോഹ്‍ലി: ഈ ബാറ്റ് അത്ര നല്ലതല്ല.

റിങ്കു: എനിക്ക് പുതിയൊരു ബാറ്റ് തരുമോ?

കോഹ്‍ലി: ആര്‍ക്ക് തരാനാണ്?.

റിങ്കു: വേണ്ട...വേണ്ട... താങ്കള്‍ തന്നെ വെച്ചോളൂ (കോഹ്‍ലിയുടെ ബാറ്റ് തിരിച്ചുകൊടുക്കുന്നു)

കോഹ്‍ലി: നിനക്ക് കഴിഞ്ഞ മത്സരത്തിൽ ഞാനൊരു ബാറ്റ് തന്നു. നിനക്ക് എല്ലാ മത്സരത്തിനും രണ്ട് ബാറ്റ് വേണോ? നീ കാരണം ബാറ്റില്ലാതെ ഞാനാണ് പ്രതിസന്ധിയിലാവുന്നത്.

റിങ്കു: ഞാൻ സത്യം ചെയ്യുന്നു, ഞാൻ ഒരിക്കലും ബാറ്റ് പൊട്ടിക്കില്ല. പൊട്ടിയ ബാറ്റ് എന്റെയടുത്തുണ്ട്, ഞാൻ കാണിച്ചുതരാം.

(കോഹ്‍ലി കിറ്റുമായി നടന്നുനീങ്ങുന്നു).


ആദ്യപാദ മത്സരത്തിൽ കൊൽക്കത്ത ടീം ബംഗളൂരുവിൽ എത്തിയപ്പോഴാണ് റിങ്കു സിങ്ങിന് കോഹ്‍ലി ബാറ്റ് സമ്മാനിച്ചത്. പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ആർ.സി.ബി ജയത്തോടെ കരകയറുകയാണ് ലക്ഷ്യമിടുന്നതെങ്കിൽ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം കോഹ്‍ലി റിങ്കുവിന് മറ്റൊരു ബാറ്റ് സർപ്രൈസായി സമ്മാനിക്കുമെന്നാണ് സംഭാഷണം കണ്ട ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. 

Tags:    
News Summary - 'You break the bat I gave you and say you want another one for the next game?'; Kohli sent back Rinku who asked for another bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.