വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഐ.സി.സി വനിതാ ലോകകപ്പ് കിരീടംനേടിയ ഇന്ത്യൻ ടീമിനെ കോടികളുടെ സമ്മാനംകൊണ്ട് മൂടി ബി.സി.സി.ഐ. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം ഡോളർ) പുറമെ, ബി.സി.സി.ഐയുടെ വക ലഭിക്കുന്നത് 51 കോടി രൂപ.
സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഉൾപ്പെടുന്ന സംഘത്തിന് ആകെ 90 കോടി പാരിതോഷികം.
മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയതിനു പിന്നാലെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് 51 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ച സ്വീകര്യതയുടെ തെളിവാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയമെന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ സംഘത്തിനായാണ് സമ്മാന തുക പ്രഖ്യാപിച്ചത്.
ലോകകപ്പ് ചരിത്രത്തിൽ ഒരു വനിതാ ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇതോടെ ഇന്ത്യൻ വനിതകളെ തേടിയെത്തുന്നത്.
ഐ.സി.സി ലോകകപ്പിന്റെ ആകെ സമ്മാനത്തുകയും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. 28.8 ലക്ഷം ഡോളറിൽ നിന്നും 1.4 കോടി ഡോളറിലേക്ക് (124 കോടി രൂപ) ആണ് ജയ്ഷായുടെ നേതൃത്വത്തിലുള്ള ഐ.സി.സി സമ്മാനത്തുക ഉയർത്തിയത്. 300 ശതമാനം വർധന. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ട്രേലിയക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളറായിരുന്നുവെങ്കിൽ, ഇത്തവണ ലഭിക്കുന്നത് 44.8 ലക്ഷം ഡോളർ. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്കും കൈനിറയെ സമ്മാനവുമായി മടങ്ങാം. 19.88 കോടി രൂപ.
സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും 9.94 കോടി രൂപ വീതം. എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും, ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവും.
അതേസമയം, കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബി.സി.സി.ഐ സമ്മാനമായി നൽകിയത്. അതിന്റെ പകുതിപോലും വനിതകൾക്ക് ലഭിച്ചില്ലെന്ന വിമർശനവും ഉയർന്നു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.