ധോണിയെ വെല്ലുമോ മുഷീർ ഖാന്റെ ‘ഹെലികോപ്റ്റർ’ ഷോട്ട്?; ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ -Video

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം തുടരുകയാണ് മുംബൈയിൽനിന്നുള്ള മുഷീർ ഖാൻ എന്ന 18കാരൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സർഫ്രാസ് ഖാന്റെ സഹോദരനായ മുഷീർ ഖാന്റെ കഴിഞ്ഞ ദിവസത്തെ ഒരു ഷോട്ട് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ലോകകപ്പിലെ നാല് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടിയ താരം ചൊവ്വാഴ്ച ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അടിച്ച, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടേതിന് സമാനമായ ‘ഹെലികോപ്റ്റർ’ ഷോട്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മത്സരത്തിൽ 131 റൺസും രണ്ട് വിക്കറ്റും നേടി താരം വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

മാസൺ ക്ലാർക്ക് എറിഞ്ഞ 46ാം ഓവറിലാണ് ഹെലികോപ്റ്റർ ഷോട്ടിലൂടെ സിക്സർ പിറന്നത്. പന്ത് ഡീപ് മിഡ്‍വിക്കറ്റിന് മുകളിലൂടെ അതിർത്തി കടന്നപ്പോൾ മുഷീർ ധോണിയെ അനുസ്മരിപ്പിച്ചെന്നാണ് ആരാധകരുടെ പക്ഷം. ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടുകളെ വെല്ലുന്ന ഷോട്ടായിരുന്നു അ​തെന്നും ചിലർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണി അവതരിപ്പിച്ച ഹെലികോപ്റ്റർ ഷോട്ട് അഭ്യസിച്ചത് കുട്ടിക്കാല സുഹൃത്ത് സന്തോഷ് ലാലിൽനിന്നാണെന്ന് ​മുൻ ഇന്ത്യൻ ക്യാപ്റ്റൻ വെളിപ്പെടുത്തിയിരുന്നു.

അണ്ടർ 19 ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് മുഷീർ ഖാനിപ്പോൾ. നാല് മത്സരങ്ങളിൽ 325 റൺസാണ് താരം അടിച്ചുകൂട്ടിയത്. രണ്ടാമതുള്ള പാകിസ്താന്റെ ഷാസായിബ് ഖാൻ 223 റൺസാണ് ഇതുവരെ നേടിയത്. ശിഖർ ധവാന് ശേഷം അണ്ടർ 19 ലോകകപ്പിലെ ഒരു പതിപ്പിൽ ഒന്നിലധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും മുഷീർ സ്വന്തമാക്കി. ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ശിഖര്‍ ധവാന്റെ റെക്കോഡ് മറികടക്കുകയാകും ഇനി മുഷീറിന്റെ മുമ്പിലുള്ള ലക്ഷ്യം. 2004ല്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയടക്കം 505 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് റൺസിന് പുറത്തായ മുഷീർ തുർന്ന് അയർലൻഡി​നെതിരെയും (118), യു.എസ്.എക്കെതിരെയും (73), ന്യൂസിലാൻഡിനെതിരെയും (131) കത്തിപ്പടരുകയായിരുന്നു. ടൂർണമെന്റിൽ നാല് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Will Musheer Khan's 'Helicopter' Shot Beat Dhoni?; -Cricket fans took over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.