'ഇന്നലത്തെ മത്സരം എത്രവേഗം മറക്കാനാകുമോ അത്രയും നല്ലത്' -ചഹൽ

ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന പന്തിന് മുമ്പു വരെ വിജയപ്രതീക്ഷയിൽ നിന്നയിടത്തു നിന്ന് പരാജയത്തിന്‍റെ അടിത്തട്ടിലേക്ക് വീണതിന്‍റെ ഞെട്ടൽ മാറിയിട്ടില്ല രാജസ്ഥാൻ റോയൽസ് കളിക്കാർക്കും ആരാധകർക്കും. 215 റൺസെന്ന കൂറ്റൻ ലക്ഷ്യം മുന്നിൽവെച്ചിട്ടും സൺറൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റിന് ജയിക്കുകയായിരുന്നു. അബ്ദുൽ സമദ് അവസാന പന്തിൽ നേടിയ സിക്സറാണ് രാജസ്ഥാന്‍റെ നെഞ്ചിൽ ഇടിത്തീയായത്.

ഇന്നലത്തെ മത്സരത്തെ കുറിച്ച് മറക്കുന്നതാണ് നല്ലതെന്നാണ് രാജസ്ഥാൻ റോയൽസിന്‍റെ സ്പിന്നർ യുസ്വേന്ദ്ര ചഹലിന്‍റെ അഭിപ്രായം. 'ഇന്നലത്തെ മത്സരം എത്രവേഗം മറക്കാനാകുമോ അത്രയും നല്ലത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ പ്ലേഓഫിലേക്ക് ഇനിയും സാധ്യതയുണ്ട്' -ചഹൽ പറഞ്ഞു.

ഇന്നലെ നാലു വിക്കറ്റിനായിരുന്നു സൺറൈസേഴ്സിന്‍റെ ജയം. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ അഞ്ചു റൺസായിരുന്നു ഹൈദരാബാദിന് ആവശ്യം. സന്ദീപ് ശർമ എറിഞ്ഞ 20ാം ഓവറിലെ ആറാം പന്തിൽ സിക്സറിന് ശ്രമിച്ച അബ്ദുസ്സമദിനെ ജോസ് ബട്‍ലർ ക്യാച്ചെടുത്തെങ്കിലും അമ്പയർ നോബാൾ വിളിച്ചു. ഒപ്പം ഫ്രീഹിറ്റും വിധിച്ചു. ജയിക്കാൻ വേണ്ടിയിരുന്ന നാലു റൺസ് സിക്സറടിച്ചുതന്നെ സമദ് നേടുകയായിരുന്നു. 11 മത്സരങ്ങളിൽ 10 പോയന്റുമായി നാലാമതാണ് രാജസ്ഥാൻ. സൺറൈസേഴ്സ് ഒമ്പതാം സ്ഥാനത്തും.

59 പന്തിൽ 95 റൺസെടുത്ത ഓപണർ ജോസ് ബട്‍ലറും 38 പന്തിൽ 66 റൺസുമായി പുറത്താവാതെനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണും 18 പന്തിൽ 35 റൺസെടുത്ത മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളും ചേർന്നാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. മറുപടിയിൽ ഹൈദരാബാദ് ബാറ്റർമാർ പ്രതീക്ഷ കാത്തെങ്കിലും വലിയ ലക്ഷ്യം പലപ്പോഴും അപ്രാപ്യമായി തോന്നിച്ചു. 34 പന്തിൽ 55 റൺസ് നേടിയ ഓപണർ അഭിഷേക് ശർമയാണ് ഇവരുടെ ടോപ് സ്കോറർ. മറ്റൊരു ഓപണർ അൻമോൽ പ്രീത് സിങ് 25 പന്തിൽ 33ഉം രാഹുൽ ത്രിപാഠി 29 പന്തിൽ 47ഉം ഹെൻറിച് ക്ലാസെൻ 12 പന്തിൽ 26ഉം റൺസ് ചേർത്തു.

അവസാന രണ്ട് ഓവറിൽ ജയിക്കാനാവശ്യം 41 റൺസ്. 19ാം ഓവറിൽ കുൽദീപ് യാദവിന്റെ ആദ്യ മൂന്നു പന്തുകളും സിക്സറിന് പറത്തി തുടർന്ന് ഫോറും അടിച്ച ഗ്ലെൻ ഫിലിപ്സിനെ (ഏഴു പന്തിൽ 25) അഞ്ചാം പന്തിൽ ഷിംറോൺ ഹിറ്റ്മെയർ ക്യാച്ചെടുത്തതോടെ രാജസ്ഥാന് ആശ്വാസം. ലക്ഷ്യം ആറു പന്തിൽ 17 റൺസിലേക്കു ചുരുങ്ങിയിരുന്നു. തുടർന്നാണ് സമദ് (ഏഴു പന്തിൽ 17) ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

Tags:    
News Summary - Will be better if we forget this match: RR's Chahal on loss vs SRH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.