'ഒരു മാസത്തിൽ കുറച്ചത് 10 കിലോ'; എന്നിട്ടും സർഫറാസ് ഖാൻ ടീമിൽ നിന്നും പുറത്തായതിന് കാരണം ഇതാണ്..

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സീനിയർ താരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. പുതിയ നായകന്‍റെ കീഴിൽ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ പോകുമ്പോൾ ടീമിലെ സർഫറാസ് ഖാനിന്‍റെ അഭാവം വാർത്തയാകുന്നുണ്ട്.

ആസ്ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്ലേയിങ് ഇലവനിൽ കളിക്കാൻ സാധിച്ചില്ലെങ്കിലു സ്ക്വാഡിൽ സർഫറാസുണ്ടായിരുന്നു. അതിന് മുമ്പ് നടന്ന ന്യുസീലാൻഡിനെതിരെയുള്ള പരമ്പരയിലും സർഫറാസ് അംഗമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ താരത്തിന് അവസരമില്ല.

ഐ.പി.എല്ലിൽ അൺസോൾഡ് ആയ സർഫറാസ് അതിന് ശേഷം ഒരു മാസം കഠിന പരിശീലനത്തിൽ ഏർപ്പെടുകയായിരുന്നു. അതോടൊപ്പം 10 കിലോയോളം ഭാരവും അദ്ദേഹം കുറച്ചു. എന്നാൽ പുതിയ താരങ്ങൾക്കടക്കം ഇടം ലഭിച്ചപ്പോൾ സർഫറാസിന്‍റെ പുറത്തേക്കുള്ള വഴി തുറന്നു. സര്‍ഫറാസ് ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ചില സമയത്ത് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും എല്ലാം ടീമിന്‍റെ നല്ലതിന് വേണ്ടി മാത്രമാണെന്നും മുഖ്യ സെലക്ടർ അജിത് അഗാർക്കർ സർഫറാസിന്‍റെ പുറത്താകലിന് ശേഷം പറഞ്ഞു.

'ചില ഘട്ടങ്ങളിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായി വരും. ന്യൂസീലൻഡിനെതിരെ ഇന്ത്യയിൽ നടന്ന മൂന്നു ടെസ്‌റ്റുകളിൽ സർഫറാസ് കളിച്ചിരുന്നു. ആദ്യ ടെസ്‌റ്റിൽ അദ്ദേഹം സെഞ്ചറി നേടിയതുംമറന്നിട്ടില്ല. പക്ഷേ, പിന്നീട് കാര്യമായി റൺസ് കണ്ടെത്താനായില്ല. ആസ്ട്രേലിയയിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഈ സാഹചര്യങ്ങളിൽ ടീം മാനേജ്‌മെന്‍റ് ചിലപ്പോൾ ഇത്തരം തീരുമാനങ്ങളും എടുക്കും. ചിലപ്പോൾ ചിലർക്ക് അത് ശരിയായില്ലെന്നു തോന്നാം, ചിലർക്ക് ശരിയായി തോന്നാം. നമ്മുടെ തീരുമാനങ്ങളെല്ലാം ടീമിന്‍റെ നല്ലതിനായി മാത്രമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ, കരുൺ നായർ ഏതാനും സീസണുകളായി മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നത് കാണാതിരിക്കാനാകില്ല. അദ്ദേഹം മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നു എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. . ഇതിനു മുമ്പ് ഇംഗ്ലണ്ടിൽ ഒരു പരമ്പര പൂർണമായി കളിച്ചിട്ടുള്ളത് കെ.എൽ. രാഹുലും ഋഷഭ് പന്തും മാത്രമാണ്. അതുകൊണ്ട് കരുൺ നായരുടെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് തോന്നി. ഇത്തരം തീരുമാനങ്ങൾ മറ്റു ചിലരെ സംബന്ധിച്ച് മോശമായി വരാം. പക്ഷേ, തീരുമാനമെടുത്തല്ലേ പറ്റൂ' - അഗാർക്കർ പറഞ്ഞു.

Tags:    
News Summary - why sarfaraz got snubbed in england series even after losing weight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.