ഫിലിപ്പ് ഹ്യൂസിന്റെ മരണം നടന്ന് 11 വർഷം തികയുമ്പോൾ സമാനമായൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ആസ്ട്രേലിയ. 17കാരനായ ബെൻ ഓസ്റ്റിനാണ് ഇത്തവണ ജീവൻ നഷ്ടമായത്. ട്വന്റി 20 മത്സരത്തിന്റെ പ്രാക്ടിസിനിടെ പന്ത് കഴുത്തിൽകൊണ്ടാണ് ഓസ്റ്റിന് ജീവൻ നഷ്ടമായത്. അപകടം നടന്നയുടൻ ഓസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ ഞെട്ടലാണ് ഓസ്റ്റിന്റെ മരണം ആസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്. നിരവധി ടെലിവിഷൻ ചാനലുകളാണ് ഓസ്റ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ചൊവ്വാഴ്ചയാണ് ആസ്ട്രേലിയയെ നടുക്കിയ സംഭവമുണ്ടായത്. മെൽബണിലെ ഫെറൻട്രീ ഗള്ളിയിലെ സ്റ്റേഡിയത്തിൽ എലിഡൺ പാർക്കിനെതിരായ മത്സരത്തിന്റെ പരിശീലനത്തിലായിരുന്നു ഓസ്റ്റിൻ. ഇതിന്റെ ഓസ്റ്റിന്റെ കഴുത്തിൽ പന്ത് കൊള്ളുകയായിരുന്നു. അപകടമുണ്ടാവുമ്പോൾ ഓസ്റ്റിൻ ഹെൽമറ്റ് ധരിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞിരുന്നത്.
മെഡിക്കൽ എമർജൻസി ടീം ഉടനെ തന്നെ സ്റ്റേഡിയത്തിലെത്തി ഓസ്റ്റിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മൊണാഷ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഗള്ളി ക്രിക്കറ്റ് ക്ലബ് ഓസ്റ്റിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെന്നന്റെ കുടുംബത്തിന്റെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ക്ലബ് അഭ്യർഥിച്ചു. നികത്താനാവത്ത നഷ്ടമാണ് ഉണ്ടായതെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി.
ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസും സമാനമായ രീതിയിലായിരുന്നു മരിച്ചത്. 2014ൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ മത്സരത്തിനിടെയായിരുന്നു ഹ്യൂസിന്റെ മരണം. പന്ത് കഴുത്തിൽ കൊണ്ടാണ് ഹ്യൂസും മരിച്ചത്. ഹ്യൂസിന്റെ മരണത്തിന് പിന്നാലെ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയെ കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.