ഡൽഹി ക്യാപിറ്റൽസിന് ജപ്പാനിൽനിന്ന് ഒരു ഫാസ്റ്റ് ബൗളർ; ആരാണ് ഡബ്ല്യു.പി.എല്ലിന് എത്തിയ അഹില്യ ചന്ദേൽ?

ന്യൂഡൽഹി: വിമൻ പ്രീമിയർ ലീഗ് (ഡബ്ല്യു.പി.എൽ)വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ്സിൽ പന്തെറിയുന്ന ജപ്പാൻ താരത്തിലാണ് നെറ്റിസൺസിന്റെ കണ്ണുകൾ. 22കാരിയായ അഹില്യ ചന്ദേലാണ് ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന സെഷനിൽ ഒപ്പം കൂടിയ ജാപ്പനീസ് താരം. ടി20 മത്സരങ്ങളിൽ ജപ്പാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് അഹില്യ.

32 മത്സരങ്ങളിൽ 30 വിക്കറ്റ് നേടിയ അഹില്യ, 2022ലെ ഈസ്റ്റ് ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ജപ്പാൻ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ഇടംകൈയൻ പേസ് ബൗളറായ അഹില്യ, വനിതാ ടി20യിൽ ഇരട്ട ഹാട്രിക്കുള്ള നാല് താരങ്ങളിൽ ഒരാളാണ്. ജർമനിയുടെ അനുരാധ ദൊഡ്ഡബല്ലപുർ, ബോട്സ്വാനയുടെ ഷമീല മൊസ്വ്യൂ, തായ്‍ലൻഡിന്റെ തിപാച പുട്ടവോങ് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

2024ൽ ചൈനക്കെതിരെയായിരുന്നു അഹില്യയുടെ ഹാട്രിക് നേട്ടം. ക്വാലാലംപുരിൽവെച്ച് നടന്ന എ.സി.സിയുടെ വനിതാ പ്രീമിയർ കപ്പ് മത്സരത്തിലായിരുന്നു ഇത്. മത്സരത്തിൽ 2.5 ഓവർ പന്തെറിഞ്ഞ അഹില്യ, എട്ട് റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റാണ് പിഴുതത്. ജപ്പാൻ നാല് വിക്കറ്റിന് ജയിച്ച മത്സരത്തിൽ അഹില്യ കളിയിലെ താരവുമായി. ഡൽഹി ഫ്രാഞ്ചൈസിക്കൊപ്പം ചേർന്നതിനു പിന്നാലെ, ഇന്ത്യക്കാരനായ പിതാവാണ് തനിക്ക് ജപ്പാന്റെ ദേശീയ ടീമിൽ എത്താൻ പ്രചോദനം നൽകിയതെന്ന് അഹില്യ പ്രതികരിച്ചു.

“എട്ടാം വയസുമുതൽ ക്രിക്കറ്റ് കളിക്കുന്നയാളാണ് ഞാൻ. എന്റെ പിതാവ് ഇന്ത്യക്കാരനാണ്. അദ്ദേഹമാണ് എപ്പോഴും എന്നെ ക്രിക്കറ്റ് കളിക്കാൻ പ്രചോദിപ്പിച്ചത്. ജപ്പാന് ക്രിക്കറ്റ് ടീം ഉണ്ടെന്ന് അറിഞ്ഞപ്പോൾ, എന്തുകൊണ്ട് ദേശീയ ടീമിലേക്ക് ശ്രമിച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് 2022ൽ ജപ്പാനുവേണ്ടി അരങ്ങേറിയത്. അവിടെനിന്നുമാണ് ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിലെത്തിയത്” -അഹില്യ പറഞ്ഞു.

Tags:    
News Summary - Who is Ahilya Chandel? Japan fast bowler joins Delhi Capitals for WPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.