മുഹമ്മദ് ഷമി
ന്യൂഡൽഹി: ഡെത്ത് ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുനൽകാതെയും മധ്യഓവറുകളിൽ കളിമാറ്റാനും ശേഷിയുള്ള ബൗളർമാർ പുറത്തിരിക്കുമ്പോൾ, ശരാശരിക്കാരും തുടക്കക്കാരുമായി സംഘത്തെ കുത്തിനിറച്ച് ഇന്ത്യ തോൽകുമ്പോൾ ശക്തമായ വിമർശനവുമായി മുൻകാലതാരങ്ങൾ രംഗത്ത്.
ടെസ്റ്റ് പരമ്പരയിലും ഏകദിന മത്സരത്തിലും ഇന്ത്യതോൽക്കുന്നതിനിടെയാണ് ടീം തെരഞ്ഞെടുപ്പിലെ വീഴ്ചകളെ ചോദ്യം ചെയ്ത് ഹർഭജൻ സിങ് ഉൾപ്പെടെ രംഗത്തെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമിയെ എന്തുകൊണ്ട് തുടർച്ചയായി അവഗണിക്കുന്നുവെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. തന്റെ യൂടൂബ് ചാനലിൽ നടത്തിയ മാച്ച് അവലോകനത്തിനിടെയാണ് ഹർഭജൻ ടീം ഇന്ത്യൻ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ചത്. രഞ്ജി ട്രോഫിക്കു പിന്നാലെ സയ്ദ് മുഷ്താഖ് അലി ട്വന്റി20യിലും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന ഷമിയുടെ പ്രകടനം ഹർഭജൻ എടുത്തു പറഞ്ഞു.
‘എവിടെയാണ് ഷമി..? അദ്ദേഹം ഇന്ത്യക്കായി കളിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല.
പ്രസിദ്ദ് കൃഷ്ണ ടീമിൽ ഉണ്ടെന്ന് അറിയാം. അവൻ ഒരു നല്ല ബൗളറാണ്, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇന്ത്യക്ക് ഒരുപിടി മികച്ച ബൗളർമാരുണ്ടായിരുന്നു. പക്ഷേ, അവരെ പതിയെ മാറ്റി നിർത്തി. ജസ്പ്രീത് ബുംറ എവിടെ. അദ്ദേഹമില്ലാതെ ടീം ജയിക്കാൻ ഇനിയുമേറെ പഠിക്കാനിരിക്കുന്നു’ -ഹർഭജൻ സിങ് തുറന്നടിച്ചു.
ബുംറയില്ലാതെ ഇംഗ്ലണ്ടിൽ കളിക്കാനെത്തിയപ്പോൾ സിറാജ് മിന്നും ഫോമിലേക്കുയർന്നു. ബുംറയില്ലാതെ തന്നെ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചു. എന്നാൽ, പരിമിത ഓവർ ക്രിക്കററിൽ ബുംറയില്ലാതെ ജയിക്കാൻ ശേഷിയുള്ള ടീമിനെ കണ്ടെത്തേണ്ടിയിരിക്കുന്നു. സ്പിന്നിൽ കുൽദീപ് യാദവുണ്ട്. പക്ഷേ, പേസ് ബൗളിങ്ങിൽ ആരുണ്ട്’ -ഹർഭജൻ ചൂണ്ടികാട്ടി.
വരുൺ ചക്രവർത്തിയെ ഏകദിനത്തിലേക്ക് കൂടി സജീവമാക്കണമെന്ന് നിർദേശവും മുൻ ഇന്ത്യൻ താരം മുന്നോട്ട് വെച്ചു.
റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‍ലിയും ഋതുരാജ് ഗെയ്ക്‍വാദും നേടിയ സെഞ്ച്വറി ബലത്തിൽ ഇന്ത്യ 359 റൺസ് പടുത്തുയർത്തിയിട്ടും മത്സരം ജയിക്കാനായില്ലെന്നത് കടുത്ത വിമർശനത്തിനാണ് വഴിവെച്ചത്. അർഷദീപ് സിങ്, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ വെച്ച് പന്തെറിയിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ബൗളർമാർ കണക്കിനാണ് പ്രഹരിച്ചത്. റൺസ് വിട്ടുകൊടുത്തത് മാത്രമല്ല, വിക്കറ്റ് വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കാനും ഇവർക്ക് കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്.
ജൂനിയർ താരങ്ങൾ ദേശീയ ടീമിൽ തകരുമ്പോൾ, സീനിയർ ബൗളർമാർ ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോമിൽ പന്തെറിയുന്നുവെന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.
സയ്ദ് മുഷ്താഖ് ട്രോഫിയിൽ അവസാന മത്സരത്തിൽ 13 റൺസ് വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്. അഞ്ചു മത്സരത്തിനിടെ ഒമ്പത് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.