ഗ്രൗണ്ടിലെ 'അടി' തീർന്നപ്പോൾ ഗാലറിയിൽ അഫ്ഗാൻ ആരാധകരുടെ അടിച്ചു തകർക്കൽ

ഏഷ്യാ കപ്പിൽ പാകിസ്താനുമായുള്ള സൂപ്പർ ഫോർ പോരാട്ടത്തിൽ തോറ്റതിന് പിന്നാലെ ഷാർജ സ്റ്റേഡിയത്തിലെ സീറ്റുകൾ തകർത്ത് അഫ്ഗാനിസ്ഥാൻ ആരാധകർ. ബുധനാഴ്ച ഷാർജയിൽ നടന്ന മത്സരത്തിൽ അവസാന ഓവറിലെ ആദ്യ രണ്ട് പന്ത് സിക്‌സടിച്ച് നസീം ഷാ ആണ് പാകിസ്താന് ഒരു വിക്കറ്റിന്റെ ആവേശകരമായ ജയം സമ്മാനിച്ചത്.

പത്തൊമ്പതാം ഓവറിൽ അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് അഹമ്മദ് മാലികിന് നേരെ പാക് താരം ആസിഫ് അലി ബാറ്റോങ്ങിയത് അയൽക്കാർക്കിടയിൽ പിരിമുറുക്കമുണ്ടാക്കിയിരുന്നു. മാലികിന്റെ ഓവറിൽ ആസിഫ് അലി സിക്സർ പറത്തിയിരുന്നു. എന്നാൽ, അടുത്ത പന്തിൽ പുൾഷോട്ടിന് ശ്രമിച്ച പാക് താരത്തിന്റെ കണക്കുകൂട്ടൽ പിഴച്ചപ്പോൾ ഷോർട്ട് ഫൈൻ ലെഗിൽ കരീം ജന്നത് ക്യാച്ചെടു​ത്തു. എട്ട് പന്തിൽ രണ്ട് സിക്‌സറുകളടക്കം 16 റൺസ് നേടിയ തന്റെ പുറത്താകൽ മാലിക് ആഘോഷിച്ചതാണ് ആസിഫിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുവരും വാക്കുതർക്കത്തി​ലേർപ്പെടുന്നതിനിടെ ആസിഫ് ബാറ്റുയർത്തി മാലികിനെ അടിക്കാൻ ഓങ്ങുകയായിരുന്നു. അഫ്ഗാൻ താരത്തെ തള്ളിമാറ്റുകയും ചെയ്തു. സഹതാരങ്ങളും അമ്പയർമാരുമെത്തിയാണ് രംഗം ശാന്തമാക്കിയത്.

എന്നാൽ, മത്സരം അവസാനിച്ച ശേഷം സ്റ്റേഡിയത്തിലെ അഫ്ഗാൻ ആരാധകർ പ്രകോപിതരാവുകയും ഇരിപ്പിടം നശിപ്പിക്കുകയും പാക് ആരാധകരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പാകിസ്താൻ ജയിച്ചതോടെ അഫ്ഗാനിസ്ഥാനും ഇന്ത്യയും പുറത്താവുകയും പാകിസ്താൻ ശ്രീലങ്കക്കെതിരായ ഫൈനലിൽ ഇടം നേടുകയും ചെയ്തു. വ്യാഴാഴ്‌ച ദുബൈയിൽ ഇന്ത്യയുമായാണ് അഫ്‌ഗാനിസ്ഥാന്റെ അടുത്ത മത്സരം. ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി പാകിസ്താൻ വെള്ളിയാഴ്ച ശ്രീലങ്കയെ നേരിടും.

Tags:    
News Summary - When the 'fight' on the ground was over, the Afghan fans were beaten and broken in the gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.