ഗുവാഹത്തിയിൽ വിൻഡീസ് താണ്ഡവം; മൂന്ന് സെഞ്ച്വറികൾ; ഇന്ത്യക്ക് വിജയലക്ഷ്യം 406 റൺസ്
ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്, മൂന്ന് താരങ്ങളുടെ സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വെസ്റ്റിൻഡീസിന്റെ ആദ്യ 400 പ്ലസ് സ്കോറാണിത്. മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് റെക്കോർഡ് റൺവേട്ട നടത്തേണ്ടിവരും.
ഓപ്പണർ കീസി കാർട്ടി (9) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയവർ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ജോൺ കാംപെൽ (68 പന്തിൽ 101), ഷായ് ഹോപ് (94 പന്തിൽ 104), ആമിർ ജങ്കൂ (77 പന്തിൽ 114) എന്നിവരാണ് വിൻഡീസിനായി സെഞ്ച്വറി നേടിയത്. രണ്ടാം വിക്കറ്റിൽ കാംപെല്ലും ഷായ് ഹോപും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ ആമിർ ജങ്കൂവും ഷായ് ഹോപും ചേർന്ന് 182 റൺസ് പടുത്തുയർത്തിയതോടെ വിൻഡീസ് വമ്പൻ സ്കോറിലേക്ക് കുതിച്ചു.
13 ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ജങ്കൂവിന്റെ ഇന്നിങ്സ്. എന്നാൽ അവസാന ഓവറുകളിൽ വിൻഡീസിന് പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമായി. റുതർഫോർഡ് (0), കീമോ പോൾ (3), അൽസാരി ജോസഫ് (8) എന്നിവർ വേഗത്തിൽ മടങ്ങി. 25 പന്തിൽ 29 റൺസോടെ റോസ്റ്റൺ ചെയ്‌സും എട്ട് പന്തിൽ 14 റൺസുമായി ഷാമർ ജോസഫും പുറത്താകാതെ നിന്നു.
ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു. ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.