മിഥാലി രാജ്

ഇന്ന് കൈയിൽ കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് ദിവസ​ക്കൂലിയേക്കാൾ കുറഞ്ഞ മാച്ച് ഫീ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്

മുംബൈ: ഹർമൻ പ്രീത് കൗറും സംഘവും ഇന്ത്യയുടെ കന്നി വനിതാ ലോകകപ്പ് കിരീടം ചൂടിയതിനു പിന്നാലെ കോടികൾ കൊണ്ട് വാരിപ്പുണരുകയാണ് ചാമ്പ്യൻ സംഘത്തെ.

ടുർണമെന്റ് സംഘാടകരായ ഐ.സി.സി ജേതാക്കൾക്ക് 39 കോടി രൂപ നൽകുമ്പോൾ, അവരേക്കാൾ ഒരു പടി മുന്നിലായിരുന്നു ബി.സി.സി.ഐയുടെ സമ്മാനം. 51 കോടി രൂപ. ആകെ 90 കോടി രൂപ പാരിതോഷികവുമായി കോടികളിൽ കുളിച്ച് ആഘോഷം തുടരുന്നതിനിടെ, പഴയകാല ഇന്ത്യൻ വനിതാ ടീമിന്റെ സാമ്പത്തിക പരാധീനതക​ളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

അധികമൊന്നും ദൂരെയല്ലാത്ത കാലത്ത്, ഇന്ത്യൻ വനിതാ ടീം ആദ്യമായി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ കാലത്തെ മാച്ച് ഫീയുടെ തുകകണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ഫൈനലിൽ ആസ്​ട്രേലിയയോട് 98 റൺസിന് തോറ്റ് കിരീടം കൈവിട്ട് റണ്ണേഴ്സ് അപ്പായപ്പോൾ അതും വനിതാ ക്രിക്കറ്റിന് അഭിമാനം പകർന്ന നിമിഷമായിരുന്നു. എന്നാൽ, അന്ന് ടീം അംഗങ്ങൾക്ക് ലഭിച്ച തുകയുടെ വലിപ്പം കേട്ടാൽ ആരാധകർ മൂക്കത്ത് വിരൽവെക്കും.

ഒരു മത്സരത്തിനുള്ള ഫീസ് 1000 രൂപയായിരുന്നുവെന്ന്  ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ മിഥാലി രാജ് വെളിപ്പെടുത്തുന്നു. എട്ട് മത്സരത്തിനും കൂടി ആകെ ലഭിച്ചത് 8000 രൂപ. ഈ വർഷം ആദ്യത്തിൽ നൽകിയ ഒരു അഭിമുഖത്തിനിടെയാണ് മിഥാലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹർമൻ പ്രീതും സംഘവും മുംബൈയിൽ കിരീടമണിഞ്ഞ് ചരിത്രമെഴുതിയതിനു പിന്നാലെയാണ് ടീം ഇന്ത്യ കടന്നുപോയ ദുരിതകാലം വീണ്ടും ചർച്ചയാവുന്നത്.

‘വാർഷിക കരാറുകളൊന്നുമില്ല. മാച്ച് ഫീസുമില്ല. 2005 ലോകകപ്പിൽ ടീം റണ്ണേഴ്സ് അപ്പായപ്പോൾ ഓരോ മത്സരത്തിനും 1000 രൂപ എന്ന നിരക്കിൽ മാച്ച് ഫീസ് ലഭിച്ചു. ആ ടൂർണമെന്റിന് മാത്രമായിരുന്നു അത്. അല്ലാത്തപക്ഷം മാച്ച് ഫീസും ഉണ്ടായിരുന്നില്ല’ -മിഥാലി പറഞ്ഞു.

സ്​പോർട്സിനു തന്നെ അന്ന് പണമൊന്നുമില്ലായിരുന്നു. പിന്നെ ഞങ്ങൾക്ക് എവിടെ നിന്ന് മാച്ച് ഫീസ് ലഭിക്കും -മിഥാലി ചോദിക്കുന്നു.

ബി.സി.സി.ഐക്കു കീഴിൽ വന്ന ശേഷം മാത്രമാണ് മാച്ച് ഫീസും വാർഷിക കരാറും ആരംഭിച്ചത്. ആദ്യം പരമ്പരക്ക് പ്രതിഫലം നൽകി തുടങ്ങി. പിന്നെ ഓരോ മത്സരത്തിനുമായി ലഭിച്ചു. ഇപ്പോൾ മാത്രമാണ് പുരുഷ ടീമിന് തുല്യമായ പ്രതിഫലമെന്ന നിലയിൽ കാര്യങ്ങളെത്തിയത്’ -മിഥാലി വ്യക്തമാക്കി.

1973 മുതൽ 2006 വരെ വനിതാ ക്രിക്കറ്റ് അസോസിയേഷനു കീഴിലായിരുന്നു ഇന്ത്യൻ വനിതാ ടീമും. 2006 ​ഡബ്ല്യു.സി.എ.ഐ ബി.സി.സി.ഐയിൽ ലയിച്ചതോടെയാണ് വനിതാ ക്രിക്കറ്റിന്റെയും ദുരിതകാലം മാറിത്തുടങ്ങിയത്. 

2022 ഒക്ടോബറിൽ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ ആയിരുന്നു പുരുഷ-വനിതാ ടീമിന് തുല്യ മാച്ച് ഫീ എന്ന പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ടെസ്റ്റിൽ ഓരോ മാച്ചിനും 15 ലക്ഷവും, ഏകദിനത്തിൽ ആറ് ലക്ഷവും, ട്വന്റി20യിൽ മൂന്ന് ലക്ഷവും വീതം ഓരോ കളിക്കാർക്കും ലഭിക്കുന്നു.

Tags:    
News Summary - We Got Rs 1,000 Per Match: Mithali Raj Disclosure On 2005 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.