മൂന്നാം ടെസ്റ്റിന് മു​മ്പ് സർഫറാസ് ഖാൻ മാതാപിതാക്കൾക്കൊപ്പം

‘അബ്ബൂ..രാജ്യത്തിനുവേണ്ടി കളിക്കാനായില്ലെങ്കിൽ നമുക്ക് ട്രാക്ക് പാന്റുകൾ വിൽക്കുന്ന ജോലിയിലേക്ക് മടങ്ങിപ്പോകാം’ -അന്ന് സർഫറാസ് പറഞ്ഞതിങ്ങനെ...

രാജ്കോട്ട്: അനിൽ കും​​െബ്ലയിൽനിന്ന് അരങ്ങേറ്റക്കാരന്റെ ടെസ്റ്റ് ക്യാപ് വാങ്ങി സർഫറാസ് ഖാൻ തലയിലണിയുമ്പോൾ സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അർഹതക്കുള്ള വലിയ അംഗീകാരമായിരുന്നു അത്. ആഭ്യന്തര സർക്യൂട്ടിലും ഇന്ത്യ ‘എ’ക്കുവേണ്ടിയും ടൺകണക്കിന് റണ്ണൊഴുക്കി സെലക്ടർമാരുടെ വാതിലിന് മുന്നിൽ നിരന്തരം മുട്ടിയതിനൊടുവിൽ വൈകിയാണെങ്കിലും സർഫറാസിന് അര​ങ്ങേറ്റത്തിന് അവസരമൊരുങ്ങുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ അർധശതകവുമായി (66 പന്തിൽ 62 റൺസ്) രാജോചിതം സർഫറാസ് വരവറിയിക്കുകയും ചെയ്തു. രവീന്ദ്ര ജദേജയുടെ അനാവശ്യ കാളിൽ ഇല്ലാത്ത റണ്ണിനോടി യുവതാരം റണ്ണൗട്ടായിരുന്നില്ലെങ്കിൽ കന്നി ടെസ്റ്റിൽ ആ അതിവേഗ ഇന്നിങ്സ് മൂന്നക്കത്തിൽ തൊട്ടേനേ.

45 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്ന് 69.85 എന്ന കണ്ണഞ്ചിക്കുന്ന ശരാശരിയിൽ 3912 റൺസ് അടിച്ചുകൂട്ടിയാണ് സർഫറാസ് മികവുകാട്ടിയത്. ഓരോ സീസണിലും ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ മുൻനിരയിലായപ്പോഴും ദേശീയ ടീമിലേക്ക് സർഫറാസ് അവിശ്വസനീയമായി പരിഗണിക്കപ്പെട്ടില്ല. ഒടുവിലാണിപ്പോൾ അവസരം തെളിഞ്ഞിരിക്കുന്നത്.

പിതാവ് നൗഷാദ് ഖാനാണ് സർഫറാസിലെ ക്രിക്കറ്ററെ പ്രചോദിപ്പിച്ചും പരിശീലിപ്പിച്ചും വളർത്തിക്കൊണ്ടുവന്നത്. വളരെ പരിമിതമായ ചുറ്റുപാടുകളിലായിരുന്നു നൗഷാദി​ന്റെയും കുടുംബത്തിന്റെയും ജീവിതം. ഉത്തർ പ്രദേശിലെ അസംഗഢിൽനിന്ന് കുടുംബം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. ലോക്കൽ ട്രെയിനുകളിൽ കക്കിരിക്കയും ട്രാക്ക് പാന്റുകളുമൊക്കെ വിറ്റാണ് നൗഷാദ് ഖാൻ കുടുംബത്തെ പോറ്റാൻ പണം കണ്ടെത്തിയിരുന്നത്. സറഫറാസിന്റെ അനു​ജൻ മുഷീർ ഖാൻ ഇക്കഴിഞ്ഞ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.

ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു സർഫറാസ്. കാത്തിരിപ്പിനിടയിൽ ഇടയ്ക്ക് നിരാശ ബാധിച്ചപ്പോൾ സർഫറാസ് പിതാവിനോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് നടന്നില്ലെങ്കിൽ നമ്മൾക്ക് ട്രാക്ക് പാന്റുകൾ വിൽക്കുന്ന ജോലിയിലേക്ക് മടങ്ങിപ്പോകാമല്ലോ’ എന്ന് സർഫറാസ് പറഞ്ഞതായി 2022ൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നൗഷാദ് ഖാൻ വിശദീകരിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.

‘ഞങ്ങൾ ചേരിയിൽനിന്ന് വന്നവരാണ്. ​ശുചിമുറികളിൽ ഊഴത്തിനായി കാത്തുനിന്നവരായിരുന്നു. ഒന്നുമില്ലായ്മയിൽനിന്ന് വന്നതുകൊണ്ടുതന്നെ ആ ഇല്ലായ്മയിലേക്ക് മടങ്ങിപ്പോകുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല. സർഫറാസ് ഒരിക്കൽ എന്നോട് പറഞ്ഞു ‘അബ്ബൂ..രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതു നടന്നില്ലെങ്കിൽ നമ്മൾക്ക് ട്രാക്ക് പാന്റുകൾ വിൽക്കുന്ന ജോലിയിലേക്ക് എപ്പോഴും മടങ്ങിപ്പോകാമല്ലോ’ എന്ന്’- രണ്ടു വർഷം മുമ്പ് നൗഷാദ് ഖാൻ പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.


Tags:    
News Summary - "We can always go back to selling track pants" - When Sarfaraz Khan told his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.