'പറഞ്ഞത് തെറ്റായിപ്പോയി'; നമസ്‌കാര പരാമർശത്തിൽ മാപ്പ് ചോദിച്ച് വഖാർ യൂനുസ്

ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനിടെ പാക് ഓപ്പണർ മുഹമ്മദ് റിസ്‌വാന്‍റെ നമസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിച്ച് പാക് മുൻ താരം വഖാർ യൂനുസ്. തന്‍റെ പരാമര്‍ശം പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് വഖാര്‍ യൂനുസ് പറഞ്ഞു. പറഞ്ഞത് തെറ്റായിപ്പോയി. മനപൂര്‍വം എന്‍റെ ഭാഗത്ത് നിന്നും സംഭവിച്ചതല്ല. ജാതി-മത ചിന്തകള്‍ക്കപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതാണ് സ്പോര്‍ട്സ് എന്നും വഖാര്‍ പറഞ്ഞു.


പാകിസ്താൻ പത്ത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു വഖാർ യൂനുസിന്‍റെ പ്രതികരണം. ഹിന്ദുക്കള്‍ക്കു മുന്നില്‍ റിസ്‌വാന്‍ നമസ്‌കരിക്കുന്നതു കാണുന്നതു തന്നെ സന്തോഷമാണ് എന്നായിരുന്നു വഖാറിന്‍റെ പ്രതികരണം. ഇന്ത്യാ പാക് മത്സരത്തിന്‍റെ ഡ്രിങ്ക്‌സ് ഇടവേളയില്‍ റിസ്‌വാന്‍ നമസ്‌കരിച്ചിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു വഖാറിന്‍റെ പരാമര്‍ശം. ഒരു പാക് ടെലിവിഷന്‍ ചാനലിലായിരുന്നു വഖാറിന്‍റെ പ്രതികരണം. ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.

റിസ്‌വാൻ നമസ്‌കരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരാശാജനകമായ പ്രതികരണമാണ് വഖാര്‍ നടത്തിയതെന്നായിരുന്നു കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ അഭിപ്രായം. വഖാറിനെപ്പോലെ പദവിയിലുള്ള ഒരാള്‍ അങ്ങനെ പറയുന്നതു നിരാശപ്പെടുത്തുന്നതാണെന്നും ഭോഗ്ലെ അഭിപ്രായപ്പെട്ടിരുന്നു.

മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. പാകിസ്താന്‍ എന്നത് ഒരു മനോരോഗമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സിങ്‌വിയുടെ ട്വീറ്റ്.

അതിനിടെ, ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട് പാകിസ്താൻ ദേശീയ ചാനൽ പി.ടിവി നടത്തിയ ചർച്ചയിൽ നിന്ന് മുൻ താരം ഷുഹൈബ് അക്തർ ഇറങ്ങിപ്പോയി. അവതാരകനിൽ നിന്നുണ്ടായ മോശം പരാമർശത്തെ തുടർന്നാണ് അക്തർ ഗെയിം ഓൺ ഹൈ എന്ന ലൈവ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയത്. വിവിയൻ റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ തുടങ്ങിയ മുൻനിര അതിഥികൾ ചർച്ചയിലുണ്ടായിരുന്നു. 

Tags:    
News Summary - Waqar Younis Apologises For Namaz Remark After India-Pakistan Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.