2014 ഡിസംബറിൽ ആസ്ട്രേലിയക്കെതിരെ അഡ്ലെയിഡ് ഓവലിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി വിരാട് കോഹ്‌ലി ആദ്യമായി അരങ്ങേറ്റം കുറിച്ചത് ഒരു ചരിത്ര നിമിഷത്തിലേക്കായിരുന്നു. പരിക്കേറ്റ എം.എസ് ധോണിക്ക് പകരം അപ്രതീക്ഷിതമായി ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വമായിരുന്നു അന്ന് കോഹ്ലിക്ക് ലഭിച്ചത്.
ആ തീരുമാനം ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലമുറക്ക് വലിയ പ്രചോദനമായ ചരിത്രമായാണ് അവസാനിച്ചത്. ടെസ്റ്റ് ചരിത്രത്തിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റത്തിൽ രണ്ട് സെഞ്ച്വറികൾ നേടിയ ആദ്യ കളിക്കാരനായി കോഹ്ലി മാറി. ആദ്യ ഇന്നിങ്സിൽ 115 റൺസും രണ്ടാം ഇന്നിങ്സിൽ 175 പന്തിൽ നിന്ന് 141 റൺസ് നേടിയാണ് കോഹ്ലി അന്ന് ശ്രദ്ധേയ പ്രകടനം നടത്തിയത്. മത്സരത്തിൽ ഇന്ത്യ 48 റൺസിന് പരാജയപ്പെട്ടെങ്കിലും ടീമിന് മുന്നിൽ നിന്ന് നയിച്ച കോഹ്ലിയുടെ പോരാട്ടവീര്യം ഇന്ത്യൻ ആരാധകർക്ക് എന്നും ആവേശ ഓർമയാണ്.
അതിനു ശേഷം പത്ത് വർഷത്തോളം ഇന്ത്യൻ ടെസ്റ്റ് ടീമിന് നൽകിയ താരത്തിന്‍റെ സംഭാവനകൾ ‘ബൗണ്ടറി’കൾക്കപ്പുറമാണ്. ഇന്ത്യക്ക് ആധിപത്യമില്ലാത്ത വിദേശ പിച്ചുകളിൽ വരെ മികച്ച പ്രകടനവുമായി കോഹ്ലി തന്‍റെ ടീമിലെ സ്ഥാനം അരക്കെട്ടുറപ്പിച്ചു നിർത്തി.
2014ലെ അതേ ചുറുചുറുക്കോടെ 37-ാം വയസിലും ബാറ്റു വീശുന്നതിനിടെയാണ് തിങ്കളാഴ്ച വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പ് നേട്ടത്തോടെ ട്വന്‍റി-20 ക്രിക്കറ്റിനോടും വിടപറഞ്ഞ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം. ബി.സി.സി.ഐ ഉന്നതർ ഉൾപ്പെടെ ഇടപെട്ടിട്ടും തീരുമാനത്തിൽ ഉറച്ചുനിന്നാണ് കോലി ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
രോഹിത് ശർമയ്‌ക്കു പിന്നാലെ കോഹ്ലി കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻമാരിൽ നാലാമനാണ് കോഹ്ലി. കോഹ്ലി നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്ന വിജയശതമാനവും കോഹ്ലിക്കു തന്നെ. ടെസ്റ്റിൽ 123 മത്സരങ്ങളിൽ നിന്നായി 46.85 ശരാശരിയിൽ 9230 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്. ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം അദ്ദേഹം ബി.സി.സി.ഐയെ അറിയിച്ചിരുന്നു. എന്നാൽ വിരമിക്കല്‍ തീരുമാനം ഉടനെ വേണ്ടെന്ന അഭിപ്രായം ബി.സി.സി.ഐ മുന്നോട്ടുവെച്ചെങ്കിലും കോഹ്ലി തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ‘‘ കഴിഞ്ഞ 14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ഈ ബാഗി ബ്ലൂ ധരിക്കുന്നു. ഈ ഫോര്‍മാറ്റാണ് എന്നെ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങള്‍ പോലും ടെസ്റ്റ് ഫോര്‍മാറ്റ് എന്നെ പഠിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോള്‍ ആഴത്തിലുള്ള ചില നിമിഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ ഓര്‍മകള്‍ എക്കാലവും ഉള്ളില്‍ നിലനില്‍ക്കും. ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്‍റെ കഴിവിന്‍റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’’ കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ച വാക്കുകളാണിത്.
മത്സരം -123
ഇന്നിങ്ങ്സ് -210
റൺസ് -9230
ശരാശരി -46.85
ഉയർന്ന സ്കോർ -254
സെഞ്ച്വറി - 30 ഇരട്ട സെഞ്ച്വറി - 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.