ട്വന്‍റി20 ലോകകപ്പിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ കോഹ്ലി?

ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ നായകൻ രോഹിത് ശർമക്കൊപ്പം ഒപ്പണിങ് ബാറ്റിങ്ങിന് സൂപ്പർതാരം വിരാട് കോഹ്ലി ഇറങ്ങുകയാണെങ്കിൽ അദ്ഭുതപ്പെടേണ്ടതില്ല! അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇക്കാര്യത്തിൽ ഏറെക്കുറെ തീരുമാനത്തിൽ എത്തിയതായാണ് വിവരം.

കഴിഞ്ഞയാഴ്ച മുംബൈയിൽ രോഹിത്തും പരിശീലകൻ രാഹുൽ ദ്രാവിഡും അഗാർക്കറും പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തെന്ന് ഹിന്ദി പത്രങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് ടീമിൽ കോഹ്ലിക്ക് ഇടംലഭിക്കാനുള്ള സാധ്യത കുറവാണെന്ന താരത്തിലായിരുന്നു ഏതാനും ദിവസം മുമ്പു വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. കോഹ്ലി ടീമിൽ ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചന.

ഏകദിന ലോകകപ്പിനു പിന്നാലെ നടന്ന സെലക്ഷൻ കമ്മിറ്റിയുടെ ചർച്ചയിൽ ട്വന്‍റി20 ടീമിൽ കോഹ്ലി ഏറെക്കുറെ അടഞ്ഞ അധ്യായമായിരുന്നു. ഇതിനിടെ അഫ്ഗാനിസ്താനെതിരായ ഹോം പരമ്പരയിൽ താരം ടീമിനൊപ്പം കളിച്ചു. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് രോഹിത്തും കോഹ്ലിയും ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്തിയത്. പതിവുപോലെ മൂന്നാം നമ്പറിൽ തന്നെയാണ് താരം ബാറ്റിങ്ങിന് ഇറങ്ങിയത്. രോഹിത്തും യുവതാരം യശസ്വി ജയ്സ്വാളും ഓപ്പണിങ്ങിലും.

ട്വന്‍റി20 ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കോഹ്ലി വ്യക്തത തേടിയിരുന്നതായി ഒരു ഹിന്ദി പത്രം റിപ്പോർട്ട് ചെയ്തു. ഇതിനു മറുപടിയായി ബാറ്റിങ്ങിൽ ഓപ്പണിങ്ങ് പൊസിഷനാണ് സെലക്ഷൻ കമ്മിറ്റി കോഹ്ലിക്കു വെച്ചുനീട്ടിയത്. ഐ.പി.എല്ലിൽ ഏറെനാളായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി ഓപ്പണറായാണ് കോഹ്ലി ഇറങ്ങുന്നത്. നടപ്പു ഐ.പി.എൽ സീസണിൽ ഏഴു മത്സരങ്ങളിൽനിന്ന് 361 റൺസുമായി റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തിൽ ഒന്നാമനാണ്. 147 ആണ് സ്ട്രൈക്ക് റേറ്റ്.

ഒരു സെഞ്ച്വറിയും താരത്തിനുണ്ട്. കോഹ്ലി അന്തരാഷ്ട്ര കരിയർ ആരംഭിക്കുന്നത് ഓപ്പണറായാണ്. 2008ൽ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റ മത്സരം. പിന്നാലെ മൂന്നാം നമ്പറിലേക്ക് മാറി. ട്വന്‍റി20യിൽ ഓപ്പണിങ്ങിൽ താരത്തിന് മികച്ച റെക്കോഡാണുള്ളത്. ഒമ്പത് മത്സരങ്ങളിൽ 400 റൺസ്, ശരാശരി 57. താരത്തിന്‍റെ ട്വന്‍റി20 കരിയറിനേക്കാൾ മികച്ചതാണിത്. കോഹ്ലി ഓപ്പണറായാൽ വമ്പനടികൾക്ക് പേരുകേട്ട റിങ്കു സിങ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരിൽ ആർക്കെങ്കിലും മാധ്യനിരയിൽ ഇടംലഭിക്കും. സൂര്യകുമാറിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കാനുമാകും.

Tags:    
News Summary - Virat Kohli wants clarity about T20 World Cup spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.