അഹ്മദാബാദ്: ഐ.പി.എല്ലിൽ കന്നിക്കിരീടം തേടിയിറങ്ങിയ സൂപ്പർതാരം വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോഡ് കൂടി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്.
മുന്‍താരം ശിഖര്‍ ധവാനെയാണ് മറികടന്നത്. ഫൈനലിനു മുമ്പ്, ഇരുവരും ഐ.പി.എൽ ബൗണ്ടറികളിൽ ഒപ്പത്തിനൊപ്പമായിരുന്നു - 768 ബൗണ്ടറികൾ വീതം. പഞ്ചാബ് കിങ്സിനെതിരായ ഫൈനലിൽ കെയിൽ ജെമീസൺ എറിഞ്ഞ നാലാം ഓവറിൽ ബൗണ്ടറി നേടിയാണ് കോഹ്ലി റെക്കോഡ് ബുക്കിൽ ഇടംനേടിയത്. ധവാൻ കഴിഞ്ഞവർഷം ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു.
മത്സരത്തിൽ മൊത്തം മൂന്നു ബൗണ്ടറികളാണ് കോഹ്ലി നേടിയത്. ഇതോടെ ഐ.പി.എല്ലിൽ താരത്തിന് 770 ബൗണ്ടറികളായി. ഡേവിഡ് വാര്‍ണര്‍ – 663, രോഹിത് ശര്‍മ -640, അജിങ്ക്യ രഹാനെ - 514 എന്നിവരാണ് ഐ.പി.എൽ ബൗണ്ടറികളിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. 35 പന്തിൽനിന്ന് 43 റൺസെടുത്താണ് കോഹ്ലി പുറത്തായത്.
അസ്മത്തുല്ല ഒമർസായി എറിഞ്ഞ ഓവറിൽ അദ്ദേഹം തന്നെ ക്യാച്ചെടുത്താണ് കോഹ്ലി പുറത്തായത്. അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഒരുഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്നിങ്സിൽ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കളി പിടിക്കുകയായിരുന്നു. അർഷ്ദീപ് സിങ്ങിന്‍റെയും ജേമിസന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ബംഗളൂരുവിനെ പിടിച്ചുകിട്ടിയത്.
ആർ.സി.ബി ആക്രമിച്ചു കളിച്ചാണ് തുടങ്ങിയത്. അർഷ്ദീപ് സിങ്ങിന്‍റെ ആദ്യ ഓവറിൽ 13 റൺസ് പിറന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഫിൽ സാൾട്ട് (9 പന്തിൽ 16) മടങ്ങിയത് അവർക്ക് തിരിച്ചടിയായി. കെയ്‍ൽ ജേമിസന്‍റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. റൺനിരക്ക് കുറഞ്ഞതോടെ പവർപ്ലേയിൽ 55 റൺസ് മാത്രമാണ് ബംഗളൂരു ടീമിന് നേടാനായത്.
18 പന്തിൽ 24 റൺസ് നേടിയ മായങ്ക് അഗർവാളിനെ യുസ്വേന്ദ്ര ചഹൽ അർഷ്ദീപിന്‍റെ കൈകളിലെത്തിച്ചു. 11-ാം ഓവറിൽ ക്യാപ്റ്റൻ രജത് പാട്ടിദാറിനെ (16 പന്തിൽ 26) നഷ്ടമായതോടെ ആർ.സി.ബി മൂന്നിന് 96 എന്ന നിലയിലായി. പിന്നാലെയിറങ്ങിയ ലയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച കോഹ്ലി തൊട്ടടുത്ത ഓവറിൽ ടീം സ്കോർ 100 കടത്തി. 35 പന്തിൽ 43 റൺസ് നേടിയ കോഹ്ലി, 15-ാം ഓവറിൽ അസ്മത്തുല്ല ഒമർസായിക്ക് റിട്ടേൺ ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഇടക്ക് വമ്പനടികൾ പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റണെ (15 പന്തിൽ 24) ജേമിസൻ വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും ജിതേഷ് ശർമ കത്തിക്കയറി. 18-ാം ഓവറിൽ, 10 പന്തിൽ 24 റൺസെടുത്ത ജിതേഷ്, വൈശാഖ് വിജയകുമാറിന്‍റെ പന്തിൽ ബൗൾഡായി പുറത്തേക്ക്.
അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ആർ.സി.ബി സ്കോർ 190ൽ ഒതുങ്ങുകയായിരുന്നു. റൊമാരിയോ ഷെപേർഡ് (ഒമ്പത് പന്തിൽ 17), കൃണാൽ പാണ്ഡ്യ (നാല്), ഭുവനേശ്വർ കുമാർ (ഒന്ന്) എന്നിവരെ ഒറ്റ ഓവറിൽ അർഷ്ദീപ് പുറത്താക്കി. പഞ്ചാബിനായി അർഷ്ദീപും ജേമിസനും മൂന്ന് വീതം വിക്കറ്റുകൾ പിഴുതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.