ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റിന്; കരാർ 2028 മാർച്ച് വരെ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ബി.സി.സി.ഐയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റും തമ്മിൽ കരാറിലെത്തിയത്. 2028 മാർച്ച് 31 വരെ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർ ഇനി മുത്തൂറ്റായിരിക്കും.

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് പുതിയ സ്പോൺസർഷിപ്പ് കാലാവധി ആരംഭിക്കുന്നത്. ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വന്റി20 ഉൾപ്പെടെ 35 അന്താരാഷ്ട്ര പോരാട്ടങ്ങളിൽ മുത്തൂറ്റ് പ്രധാന സ്പോൺസർമാരാകും. വെസ്റ്റ് ഇൻഡീസിന് പുറമെ ശ്രീലങ്ക, സിംബാബ്വെ തുടങ്ങിയ ടീമുകളുടെ ഇന്ത്യൻ പര്യടനവും ഈ ഹോം സീസണിൽ ഉൾപ്പെടുന്നുണ്ട്.

ഒരു മത്സരത്തിന് ഏകദേശം 4.85 കോടി രൂപ എന്ന അടിസ്ഥാന നിരക്കിലാണ് കരാർ ഉറപ്പിച്ചതെന്നാണ് വിവരങ്ങൾ. മുൻ ടൈറ്റിൽ സ്പോൺസർമാരായ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഒരു മത്സരത്തിന് 4.2 കോടി രൂപയാണ് നൽകിയിരുന്നത്.

ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് ചർച്ചകളിൽ ഗൂഗിൾ ജെമിനി, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സ്പിന്നി, എസ്.ബി.ഐ ലൈഫ് എന്നിവയും പങ്കാളികളായിരുന്നു. ഒടുവിൽ കാമ്പ, ചാറ്റ് ജി.പി.ടി എന്നിവർക്കൊപ്പം എസ്.ബി.ഐ ലൈഫും അസോസിയേറ്റ് പങ്കാളികളായി ബി.സി.സി.ഐയുമായി കരാറിലെത്തി. 2028 മാർച്ച് വരെയുള്ള രണ്ട് സീസണുകളിലേക്കാണ് ഈ പങ്കാളിത്തം.

Tags:    
News Summary - Muthoot Fincorp Secures BCCI Title Sponsorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.