ആ കാത്തിരിപ്പ് അവസാനിച്ചു. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ അഭിമാനത്തോടെ തന്റെ ബാറ്റുയർത്തി. മൂന്ന് വർഷവും നാല് മാസങ്ങൾക്കും ശേഷം ടെസ്റ്റ് ഫോർമാറ്റിലെ സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ടിരിക്കുകയാണ് വിരാട് കോഹ്‍ലി.
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നിർണായകമായ അവസാന ടെസ്റ്റിന്റെ നാലാം ദിനമാണ് കോഹ്‍ലി കരിയറിലെ 28-ആമത് ടെസ്റ്റ് ശതകം കുറിച്ചത്. 2019 നവംബർ 23-നായിരുന്നു കോഹ്‍ലി അവസാനം സെഞ്ച്വറിയടിച്ചത്. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ അന്ന് 136 റൺസായിരുന്നു താരം നേടിയത്.
അതിന് ശേഷം 1205 ദിവസങ്ങളും 40 ഇന്നിങ്സുകളും കഴിഞ്ഞാണ് കോഹ്‍ലി ടെസ്റ്റിൽ മൂന്നക്കം കടക്കുന്നത്. 2022 ജനുവരിക്ക് ശേഷം കോഹ്‌ലി ടെസ്റ്റിൽ 50-ന് മുകളിൽ റൺസ് നേടിയ മത്സരം കൂടിയാണ് ഇന്നത്തേത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നേടിയ 79 റൺസിന് ശേഷം താരത്തിന് ലോങ് ഫോർമാറ്റിൽ അർധശതകം കുറിക്കാൻ കഴിഞ്ഞിട്ടില്ല.
കോഹ്‍ലിയിൽ നിന്ന് ഇനിയൊരു ടെസ്റ്റ് സെഞ്ച്വറി കാണാൻ കഴിയില്ലെന്ന് കരുതിയവർക്കുള്ള മറുപടിയാണ് ഇന്നത്തെ സെഞ്ച്വറി. അത് കരുത്തരായ ആസ്ട്രേലിയക്കെതിരെ ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആസ്‌ട്രേലിയയ്‌ക്കെതിരെ കോഹ്ലിയുടെ എട്ടാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.
ഇന്നത്തേത് കോഹ്‍ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 75-ആമത് സെഞ്ച്വറി കൂടിയാണ്. കഴിഞ്ഞ വർഷം, ടി20യിലും ഏകദിനത്തിലും ഓരോ സെഞ്ച്വറി വീതം നേടിയ കോഹ്‌ലി ഈ വർഷമാദ്യം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് കരിയറിലെ 74-ാമത്തെ സെഞ്ച്വറിയടിച്ചത്.
40 വർഷം മുമ്പ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ നേടിയ നേട്ടം കൂടിയാണ് കോഹ്‌ലി ഇന്ന് ആവർത്തിച്ചിരിക്കുന്നത്. 1983-ൽ സ്വന്തം നാട്ടിൽ തന്റെ 50-ാം ടെസ്റ്റ് കളിച്ച ഗവാസ്‌കർ സെഞ്ച്വറി നേടിയിരുന്നു, അന്ന് നാലാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. അതിശയകരമെന്നു പറയട്ടെ, ഇത് സ്വന്തം മണ്ണിൽ കോഹ്‌ലിയുടെ 50-ാം ടെസ്റ്റാണ്, ഗവാസ്‌കറെപ്പോലെ അദ്ദേഹവും അത് സെഞ്ച്വറിയോടെ ആഘോഷിച്ചു.
എന്നാൽ, ചെറിയൊരു വ്യത്യാസമുണ്ട് - ആഭ്യന്തര ടെസ്റ്റിലെ തന്റെ 14-ാം സെഞ്ച്വറിയായിരുന്നു ഗവാസ്‌കർ അന്ന് കുറിച്ചത്, കോഹ്‌ലി തന്റെ പതിമൂന്നാം സെഞ്ച്വറിയാണ് ഇന്നടിച്ചത്.
ഓസീസിനെതിരെ ഇന്ന് നേടിയ സെഞ്ച്വറിയിലൂടെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ കോഹ്ലി നാലാം സ്ഥാനത്തെത്തി. ആസ്ട്രേലിയക്കെതിരെ 20 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ 19 സെഞ്ച്വറികളുള്ള ഡോണ്‍ ബ്രാഡ്മാന്‍ രണ്ടാമതാണ്. ശ്രീലങ്കക്കെതിരെ 17 സെഞ്ച്വറികളുമായി സച്ചിന്‍ തന്നെയാണ് മൂന്നാമത്. ഓസ്ട്രേലിയക്കെതിരെ 16 സെഞ്ച്വറികളുമായി വിരാട് കോഹ്ലി നാലാമതാണ്. ശ്രീലങ്കക്കെതിരെയും താരത്തിന് 16 സെഞ്ച്വറികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.