ആവേശം കൊടുമുടിയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിൽ അവസാന പന്തിൽ ആർ.സി.ബി ജയം പിടിച്ചെടുത്തിരുന്നു. മത്സരത്തിൽ ആർ.സി.ബിയുടെ ടോപ് സ്കോറർ വിരാട് കോഹ്ലി ഒരുപിടി റെക്കോഡുകൾ തന്‍റെ പേരിൽ കുറിച്ചിട്ടുണ്ട്. അഞ്ച് റെക്കോണ് വിരാട് കോഹ്ലി സി.എസ്.കെക്കെതിരെയുള്ള മത്സരത്തിൽ സ്വന്തമാക്കിയത്.
ആർ.സി.ബിക്ക് വേണ്ടി 300 സിക്സറുകൾ നേടുന്ന ആദ്യ താരമായി വിരാട് മാറി. മത്സരത്തിൽ ആകെ അഞ്ച് സിക്സറുകളാണ് കോഹ്‍ലി നേടിയത്. ഇതോടെ ആർസിബിക്കായി താരത്തിന്റെ സിക്സർ നേട്ടം 303 ആയി. സിക്സറുകളിലൂടെ മറ്റൊരു റെക്കോർഡും കോഹ്‍ലി സ്വന്തം പേരിൽ കുറിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് മുൻ താരം ക്രിസ് ഗെയ്ലിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 151 സിക്സറെന്ന റെക്കോർഡാണ് കോഹ്‍ലി മറികടന്നത്. ഇന്നലത്തെ മത്സരത്തോടെ 152 സിക്സറുകളാണ് കോഹ്‍ലി ബംഗളൂരു ഹോം ഗ്രൗണ്ടില്‍ സ്വന്തം പേരില്‍ കുറിച്ചത്.
ഐ.പി.എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോർഡും കോഹ്‍ലി സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മാത്രം കോഹ്‍ലി നേടിയത് 1,146 റൺസാണ്. പഞ്ചാബ് കിങ്സിനെതിരെ 1,134 റൺസ് നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡാണ് കോഹ്‍ലി പഴങ്കഥയാക്കിയത്. ചെന്നൈ സൂപ്പർത കിങ്സിനെതരെ 10 അർധസെഞ്ച്വറിയുമായി ആ റെക്കോഡും വിരാട് സ്വന്തം പേരിലാക്കി. സി.എസ്.കെക്കെതിരെ ഏറ്റവും കൂടുതൽ ഫിഫ്റ്റി അടിച്ച താരമാണ് വിരാട്. ശിഖർ ധവാൻ, രോഹിച് ശർമ, ഡേവിഡ് വാർണർ എന്നിവരെയാണ് വിരാട് മറികടന്നത്.
ഈ സീസണിൽ ഇതുവരെ 505 റൺസാണ് കോഹ്‍ലി നേടിയത്. ഐ.പി.എൽ സീസണുകളിൽ കൂടുതൽ തവണ 500ലധികം റൺസെന്ന നേട്ടം ഇനി കിങ് കോഹ്‍ലിക്ക് സ്വന്തമാണ്. ഇത് എട്ടാമത്തെ സീസണിലാണ് കോഹ്‍ലി 500ലധികം റൺസ് നേടുന്നത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച ഡേവിഡ് വാർണറുടെ റെക്കോർഡാണ് കോഹ്‍ലി മാറ്റിയെഴുതിയത്.
അതേസമയം മത്സരത്തിൽ ഒരു റണ്ണിനാണ് ആർ.സി.ബി വിജയിച്ചത്.ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ റോയൽ ചാലഞ്ചേഴ്‌സ് പ്ലേഓഫ് പ്രവേശനം ഏതാണ്ടുറപ്പാക്കി. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ അഞ്ചിന് 213, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 211.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.