​'മോശം സമയത്തും ടീമിനെ കൈവിടാത്ത ആരാധകർ'; ഈ കപ്പ് അവർക്കുള്ളതാണ്, ഹൃദയം തൊടുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുമായി കോഹ്‍ലി

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയതിന് പിന്നാലെ ഹൃദയം തൊടുന്ന ഇൻസ്റ്റഗ്രാം കുറിപ്പുമായി ഇതിഹാസതാരം വിരാട് കോഹ്‍ലി. തന്റെ സ്വപ്നം ആർ.സി.ബി നിറവേറ്റിയെന്ന് കോഹ്‍ലി പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത സീസണാണ് കടന്ന് പോകുന്നതെന്നും കോഹ്‍ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

മോശം സമയത്തും ടീമിനെ കൈവിടാത്ത ആരാധകർക്ക് കൂടിയുള്ളതാണ് ഈ കപ്പ്. ഫീൽഡിൽ ടീം ഓരോ ഇഞ്ചിലും നടത്തിയ ശ്രമത്തിന്റെ ഫലമാണ് കണ്ടത്. ഈ കപ്പുയർത്താൻ നിങ്ങൾ എന്നെ 18 വർഷം കാത്തുനിർത്തി. എന്നാൽ, അർഥവത്തായ ഒരു കാത്തിരിപ്പായിരുന്നു അതെന്നും കോഹ്‍ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

18 വർഷത്തിനിടെ മൂന്ന് തവണ ബംഗളൂരു ഐ.പി.എൽ ഫൈനലി​ലെത്തിയെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിരുന്നില്ല. 2008 മുതൽ ബംഗളൂരുവിന്റെ ഭാഗമായ കോഹ്‍ലി ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഈ സീസണിൽ വിരാട് കോഹ്‍ലിക്ക് വേണ്ടി ടീം കപ്പുയർത്തുമെന്നായിരുന്നു ബംഗളൂരുവിന്റെ ആരാധകർ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫൈനലിൽ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചിരുന്നു. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഒമ്പതിന് 190, പഞ്ചാബ് കിങ്സ് - 20 ഓവറിൽ ഏഴിന് 184.


Tags:    
News Summary - Virat Kohli bares raw emotions in rare Instagram outpouring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.