നിലവിലെ ഫോമിൽ തുടരാനാകില്ല, കോഹ്‌ലിയും രോഹിത്തും 2027 ലോകകപ്പ് കളിക്കില്ല -സുനിൽ ഗവാസ്കർ

മുംബൈ: രണ്ട് വർഷത്തിനപ്പുറം വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും കളിക്കില്ലെന്ന് ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്കർ. ഏകദിനത്തിലെ മികച്ച താരങ്ങളാണെങ്കിലും നിലവിൽ ഇരുവരും മോശം ഫോമിലാണ്. സ്ഥിരത കണ്ടെത്തേണ്ടത് പ്രധാനമാണ്. ടീമിനെ വിജയിപ്പിക്കാൻ തക്ക സംഭാവന നൽകാൻ കഴിയണം. ഫോമിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ ഇരുവർക്കും ടീമിൽ തുടരാനാകൂ എന്നും ഗവാസ്കർ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഏകദിനത്തിലെ മികച്ച താരങ്ങളാണ് വിരാടും രോഹിത്തും. 2027 ലോകകപ്പ് വരുമ്പോൾ, അവർക്ക് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാകുന്നുണ്ടോ എന്നാകും സെലക്ടർമാർ നോക്കുക. ടീമിനെ വിജയിപ്പിക്കാൻ തക്ക സംഭാവന നൽകാൻ അവർക്കാകുമോ എന്നതാകും പരിഗണിക്കുക. സെലക്ഷൻ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ തീർച്ചയായും ഇരുവരും ടീമിലുണ്ടാകും. എന്നാൽ അതുവരെ അവർ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ ഫോമിൽ അവർക്ക് തുടരാനാകില്ല. എന്നാൽ അടുത്ത വർഷത്തേക്ക് ഫോമിലേക്ക് തിരിച്ചെത്താനും സെഞ്ച്വറികൾ കണ്ടെത്താനുമായാൽ ദൈവത്തിനു പോലും അവരെ മാറ്റിനിർത്താനാകില്ല” -ഗവാസ്കർ പറഞ്ഞു.

അതേസമയം പാകിസ്താൻ അതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിൽ വിരാടും രോഹിത്തും കളിച്ചിരുന്നു. ടൂർണമെന്‍റിൽ തോൽവിയറിയാതെയാണ് ഇന്ത്യ കിരീടം നേടിയത്. 2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാടിന് 38ഉം ആകും. രോഹിത്തിന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോൾ തന്നെ ആശങ്കയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കായി രോഹിത് ഫീൽഡിങ്ങിനിറങ്ങാത്തത് ആശങ്കയുയർത്തുന്നുണ്ട്. റോയൽ ചാലഞ്ചേഴ്സിനായി ഇറങ്ങുന്ന കോഹ്‌ലി, ബാറ്റിങ്ങിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും ടൂർണമെന്‍റിൽ ഇതുവരെ 500ലേറെ റൺസ് സ്കോർ ചെയ്ത താരം റൺവേട്ടക്കാരിൽ നാലാമതാണ്.

ഈ മാസം ഏഴിനാണ് രോഹിത് ശർമ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ച വിരാടും വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇരുവരും കുട്ടിക്രിക്കറ്റിൽനിന്നും വിരമിച്ചിരുന്നു. നിലവിൽ ഇരുവരും ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കു വേണ്ടി തുടരുമെന്ന് വ്യക്തമാക്കിയത്. 

Tags:    
News Summary - Virat Kohli and Rohit Sharma will not play 2027 ODI World Cup: Sunil Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.