വൈഭവ് സൂര്യവംശി

ആകാശം നിറയെ സിക്സും ഫോറും; 36 പന്തിൽ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി; ചരിത്ര നേട്ടവുമായി 14കാരൻ

റാഞ്ചി: അണ്ടർ 19 ഏഷ്യാ കപ്പിലെ നിരാശയും, പാകിസ്താനോട് വഴങ്ങിയ തോൽവിയുടെ നാണക്കേടുമായി ഇന്ത്യയിൽ മടങ്ങിയെത്തിയ 14കാരൻ ​വൈഭവ് സൂര്യവംശി കലിപ്പെ​ല്ലാം തീർത്തത് അരുണാചൽ പ്രദേശിന്റെ ബൗളർമാരുടെ മേൽ. വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ ബിഹാറിനായി ഇന്നിങ്സ് ഓപൺ ചെയ്യാനിറങ്ങിയ കൗമാരക്കാരന്റെ ബാറ്റിൽ നിന്നും പ്രഹരിച്ച ക്രിസ്മസ് വെടിക്കെട്ട് ഇന്നിങ്സ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ആരാധകർ.

പത്ത് ബൗണ്ടറിയും എട്ട് സിക്സറുമായി 36 പന്തിൽ സെഞ്ച്വറി തികച്ച താരം ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ ശതകം എന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചു. 14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സ്ഥാനത്തിനും അവകാശിയായി.

ലിസ്റ്റ് ‘എ’യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ലോകറെക്കോഡ് സൗത് ആസ്ട്രേലിയയുടെ ജെയ്ക് ഫ്രേസറിന്റെ (29 പന്തിൽ 100) പേരിലാണ്. ഏറ്റവും വേഗ​തയേറിയ ഇന്ത്യക്കാരന്റെ സെഞ്ച്വറിയെന്ന റെക്കോഡ് പഞ്ചാബ് ബാറ്റർ അമോൽപ്രീത് സിങ് (35 പന്തിൽ) കഴിഞ്ഞ വർഷം കുറിച്ചിരുന്നു. ഒരു പന്ത് വ്യത്യാസത്തിലാണ് വൈഭവിന് ഈ റെക്കോഡ് നഷ്ടമായത്.

മത്സരത്തിൽ 190 റൺസ് എടുത്താണ് വൈഭ് പുറത്തായത്. 84 പന്തിൽ 16 ബൗണ്ടറിയും 15 സിക്സറും കുഞ്ഞു താരത്തിന്റെ ബാറ്റിൽ നിന്നും പറന്നു. റാഞ്ചി ഓവൽ ഗ്രൗണ്ടിലെ ആകാശം സിക്സും, ബൗണ്ടറിയും മഴപെയ്ത പോലെ പറന്നിറങ്ങുന്നതിനും ആരാധകർ സാക്ഷ്യം വഹിച്ചു. വെറും 54 പന്തിലായിരുന്നു വൈഭവ് 150 റൺസിലെത്തിയത്. എബി ഡിവി​ല്ലിയേഴ്സിന്റെ റെക്കോഡ് (64 പന്ത്) മറികടന്നു.

മത്സരത്തിൽ ബിഹാർ 29 ഓവറിൽ 272റൺസിലെത്തി. റെക്കോഡ് തകർക്കൽ പതിവാക്കിയ 14കാരൻ സയ്ദ് മുഷ്താഖ് അലി ​ട്രോഫിയിലും 61 പന്തിൽ സെഞ്ച്വറിയുമായി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. അണ്ടർ 19 ടെസ്റ്റിൽ 58 പന്തിൽ സെഞ്ച്വറിയുമായി യൂത്ത് റെക്കോഡ് അടുത്തിടെ സ്വന്തമാക്കി. 12ാം വയസ്സിൽ രഞ്ജി ട്രോഫി ടീമിൽ അരങ്ങേറ്റം കുറിച്ച് സചിന്റെയും യുവരാജ് സിങ്ങിന്റെയും പേരിലുള്ള റെക്കോഡുകളും മറികടന്നു.

Tags:    
News Summary - Vaibhav Suryavanshi Smashes 36-Ball Century, Scripts One Day Cricket History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.