അനന്തപത്മനാഭൻ, വി. നാരായണൻ കുട്ടി
ദുബൈ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസ് പട്ടികയിൽ രണ്ട് ഇന്ത്യക്കാർ. രണ്ടു പേരും മലയാളികൾ. അമ്പയറായി കെ.എൻ അനന്തപത്മനാഭനും മാച്ച് റഫറിയായി വി. നാരായണൻ കുട്ടിയുമാണ് ഇടം നേടിയത്.
ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 16 അമ്പയർമാരും നാല് മാച്ച് റഫറിമാരുമാണ് ഇടംനേടിയത്.
42 രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുള്ള കോഴിക്കോട് സ്വദേശിയായ വി.നാരായണൻ കുട്ടി 2006 മുതൽ ബി.സി.സി.ഐ പാനലിൽ മാച്ച് റഫറിയാണ്. ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, ഐ.പി.എൽ തുടങ്ങിയ 150 ലധികം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2018ലാണ് നാരായണൻ കുട്ടി ഐ.സി.സി മാച്ച് റഫറിമാരുടെ അന്താരാഷ്ട്ര പാനലിലെത്തുന്നത്.
മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായിരുന്ന കെ.എൻ അനന്തപത്മനാഭൻ 2020ലാണ് ഐ.സി.സിയുടെ അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭൻ നിരവധി അന്താരാഷ്ട്ര ഏകദിന, ട്വന്റി 20 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.