ട്വന്റി 20 ലോകകപ്പ്: നമീബിയ പുറത്ത്; ശ്രീലങ്ക, നെതർലാൻഡ്സ് സൂപ്പർ 12ൽ

ആദ്യ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ തകർത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച നമീബിയ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പർ 12ൽനിന്ന് പുറത്ത്. അവസാന മത്സരത്തിൽ യു.എ.ഇയോട് തോറ്റതാണ് നമീബിയക്ക് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വീതം ജയിച്ച ശ്രീലങ്കയും നെതർലാൻഡ്സുമാണ് ഗ്രൂപ്പ് എയിൽനിന്ന് യോഗ്യത നേടിയത്.

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ശ്രീലങ്ക നെതർലാൻഡ്സിനെ 16 റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44 പന്തിൽ 79 റൺസടിച്ച കുശാൽ മെൻഡിസിന്റെ അർധസെഞ്ച്വറിയുടെ മികവിൽ 162 റൺസാണെടുത്തത്. അസലങ്ക 30 പന്തിൽ 31 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. 53 പന്തിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന മാക്സ് ഒദൗദ് മാത്രമാണ് തിളങ്ങിയത്. ബൗളർമാരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കക്ക് തുണയായത്. വനിന്ദു ഹസരങ്ക മൂന്നും മഹേഷ് തീക്ഷണ രണ്ടും വിക്കറ്റെടുത്തു.

രണ്ടാം മത്സരത്തിൽ യു.എ.ഇ ഏഴ് റൺസിനാണ് നമീബിയയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റിന് 148 റൺസെടുത്തു. 41 പന്തിൽ 50 റൺസടിച്ച മുഹമ്മദ് വസീം, 29 പന്തിൽ 43 റൺസെടുത്ത് പുറത്താവാതെ നിന്ന റിസ്‍വാൻ, 14 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന ബാസിൽ ഹമീദ് എന്നിവരാണ് യു.എ.ഇക്കായി തിളങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബാസിൽ ഹമീദ് ബൗളിങ്ങിലും തിളങ്ങി. സഹൂർ ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 36 പന്തിൽ 55 റൺസെടുത്ത ഡേവിഡ് വീസിനും 24 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന റൂബെനും മാത്രമേ തിളങ്ങാനായുള്ളൂ.

Tags:    
News Summary - Twenty20 World Cup: Namibia out; Sri Lanka and Netherlands in Super 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT