ട്വന്റി ​20 ലോകകപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം

കേപ്ടൗൺ: വനിത ട്വന്റി ​20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ മുന്നോട്ടുവെച്ച 150 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 പന്തിൽ പുറത്താകാതെ 53 റൺസെടുത്ത ജമീമ റോഡ്രിഗസിന്റെയും 20 പന്തിൽ പുറത്താവാതെ 31 റൺസെടുത്ത റിച്ച ഘോഷിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഷെഫാലി വർമ 25 പന്തിൽ 33 റൺസെടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. യാസ്തിക ഭാട്ട്യ (20 പന്തിൽ 17) ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (12 പന്തിൽ 16) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 149 റൺസ് അടിച്ചത്. തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർക്കെതിരെ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട പാകിസ്താന് ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെയും (55 പന്തിൽ പുറത്താകാതെ 68) അയിഷ നസീമിന്റെയും (25 പന്തിൽ പുറത്താകാതെ 43) മികച്ച ബാറ്റിങ്ങാണ് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. അഭേദ്യമായ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയ​പ്പോൾ ദീപ്തി ശർമയും പൂജ വാസ്ത്രകാറും ഓരോ വിക്കറ്റ് നേടി.

ആറ് പന്തിൽ എട്ട് റൺസെടുത്ത ഓപണർ ജവേരിയ ഖാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമായത്. ദീപ്തി ശർമയുടെ പന്തിൽ ഹർമൻപ്രീത് കൗർ പിടികൂടുകയായിരുന്നു. 14 പന്തിൽ 12 റൺസെടുത്ത മുനീബ അലിയെ രാധ യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. രണ്ട് പന്ത് നേരിട്ട് റൺസെടുക്കാനാവാതിരുന്ന നിദ ദറിനെ പൂജ വസ്ത്രകാറിന്റെ പന്തിലും 11 റൺസെടുത്ത സിദ്റ അമീനെ രാധ യാദവിന്റെ പന്തിലും റിച്ച ഘോഷ് പിടിച്ചു പുറത്താക്കി. പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. 

Tags:    
News Summary - Twenty20 World Cup: Indian women defeated Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.