'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്
ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവർ മികച്ച ഫോമിൽ ദേശീയ ടീമിലേക്ക് കടന്നുവന്ന സാഹചര്യത്തിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ എവിടെ ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് കാർത്തിക് ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. ലോകകപ്പിൽ ഉൾപ്പെടെ ടീമിന്റെ നിർണായക താരമായിരുന്ന സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയുടെ പകുതിയിൽ വെച്ച് ഒഴിവാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇന്ത്യയുടെ ബാറ്റിങ് ഓർഡർ ഇനി എങ്ങനെയായിരിക്കാനാണ് സാധ്യത? ടീമിൽ വൈഭവ് സൂര്യവംശിയുടെ സ്ഥാനം എവിടെയാണ്? ഒപ്പം സഞ്ജു സാംസണിന്റെ കാര്യത്തിൽ എന്താണ് തീരുമാനം? ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ ഇംഗ്ലണ്ട് പരമ്പരയുടെ ഇടയിൽ വെച്ച് ഒഴിവാക്കിയിരുന്നു. നിലവിൽ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്?" - കാർത്തിക് ചോദിച്ചു.
സമീപകാലത്തെ സഞ്ജുവിന്റെ മോശം ഫോം ടീമിലെ സ്ഥാനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അവസാന നാല് ട്വന്റി 20 ഇന്നിങ്സുകളിൽ നിന്നായി വെറും 23 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20-യിൽ സഞ്ജുവിനെ ഒഴിവാക്കിയാണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരമൊരുക്കിയത്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും, പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് താരത്തെ പൂർണ്ണമായും തഴഞ്ഞിരുന്നു. യുവതാരങ്ങൾ അവസരം മുതലെടുക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ തിരിച്ചുവരവ് ശ്രമകരമാകുമെന്ന സൂചനയാണ് കാർത്തിക്കിന്റെ വാക്കുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.