കോഹ്‍ലിയും ഗില്ലുമില്ലാത്ത ടീമിൽ മൂന്ന് ഇന്ത്യക്കാർ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ആസ്ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പായി ചാമ്പ്യൻഷിപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ആസ്ട്രേലിയ. ലണ്ടനിലെ ഓവലിൽ ജൂൺ ഏഴ് മുതൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് കിരീടത്തിനായി പോരടിക്കുന്നത്. മൂന്ന് ഇന്ത്യക്കാർ ഇടം പിടിച്ച ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കോ സൂപ്പർ ബാറ്റർ ശുഭ്മാൻ ഗില്ലിനോ ഇടമില്ല. ആൾറൗണ്ടർമാരായ രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്ത് എന്നിവരാണ് ടീമിൽ ഇടം പിടിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ഋഷബ് പന്ത് ഇപ്പോൾ ഇന്ത്യൻ ടീമിന് പുറത്താണ്. എന്നാൽ, ജദേജയും അശ്വിനും ആയിരിക്കും സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുക.

ആസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജ, ശ്രീലങ്കയുടെ ദിമുത് കരുണരത്നെ എന്നിവരാണ് ക്രിക്കറ്റ് ആസ്ട്രേലിയ ഇലവനിലെ ഓപണർമാർ. മൂന്നാമനായി പാകിസ്താന്റെ ബാബർ അസം ഇടം പിടിച്ചു. 2021 മുതൽ 2023 വരെയുള്ള കാലഘട്ടത്തിനിടെ നടന്ന 14 മത്സരങ്ങളിൽ 1500ലധികം റൺസ് നേടിയ പ്രകടനമാണ് വൺഡൗൺ സ്ഥാനത്തേക്ക് ബാബറിന് ഇടം നൽകിയത്. 22 മത്സരങ്ങളിൽ 1915 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം നമ്പറിൽ ഇടം നേടി. ആസ്ട്രേലിയയുടെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡാണ് അഞ്ചാമനാവുന്നത്.

വിക്കറ്റ് കീപ്പറായി ഋഷബ് പന്തും സ്പിന്നർമാരായി അശ്വിനും ജദേജയും ഇടം പിടിച്ച ടീമിൽ ഫാസ്റ്റ് ബൗളർമാരായി ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ, ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാദ എന്നിവരാണ് എത്തുന്നത്. ടീമിന്റെ ക്യാപ്റ്റനായി ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് അവരുടെ തന്നെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയാണ്.

ടീം: ഉസ്മാൻ ഖ്വാജ, ദിമുത് കരുണരത്ന, ബാബർ അസം, ജോ ​റൂട്ട്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജദേജ, ഋഷബ് പന്ത്, രവിചന്ദ്രൻ അശ്വിൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, കഗിസൊ റബാദ.

Tags:    
News Summary - Three Indians in the team without Kohli and Gill; Cricket Australia has selected the World Test Championship team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.