രോഹിത് ശർമയും വിരാട് കോഹ്ലിയും

‘അവർ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി’; രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കണമെന്ന് ബൗളിങ് കോച്ച്

മുംബൈ: ഫോം നഷ്ടമാകാതെ ഫിറ്റായിരിക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ മോണി മോർക്കൽ. ഇരുവരും ടീമിന് മുതൽക്കൂട്ടാകുമെന്നും എതിർ ടീമിലെ ബൗളർമാർക്കുമേൽ മാനസികമായി ആധിപത്യം നേടാൻ രോ-കോ സഖ്യത്തിന്‍റെ സാന്നിധ്യം സഹായിക്കുമെന്നും മോർക്കൽ പറഞ്ഞു. ഏകദിനത്തിൽ രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും പരിചയസമ്പന്നതക്കു പകരം വെക്കാൻ മറ്റൊരു താരമില്ലെന്നും നേരത്തെ ഇരുവർക്കുമെതിരെ പന്തെറിഞ്ഞ അനുഭവം കൂടിയുള്ള മോർക്കൽ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ് പ്രതികരണം.

“തീർച്ചയായും അവർ മികച്ച താരങ്ങളാണ്. ഫിറ്റ്നസ് നിലനിർത്താനും കഠിനാധ്വാനം നടത്താനും അവർ സന്തോഷിക്കുന്ന കാലത്തോളം കളിക്കണം. അത്രയും പരിചയസമ്പന്നരായ താരങ്ങൾ നിലവിൽ വേറെയില്ല. അവർ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്, വലിയ ടൂർണമെന്‍റുകളിൽ എങ്ങനെ കളിക്കണമെന്ന് അവർക്കറിയാം. ലോകകപ്പിന് ഇനിയും ഏറെ നാളുണ്ട്. എന്നാൽ ഫിസിക്കൽ ഫിറ്റ്‍നസ് കാത്തുസൂക്ഷിക്കാൻ കഴിയുകയാണെങ്കിൽ തീർച്ചയായും അവർ കളിക്കണം.

അവർക്കെതിരെ നിരവധി മത്സരങ്ങളിൽ കളിച്ചതിന്‍റെ അനുഭവം എനിക്കുണ്ട്. അവർക്കെതിരെ പന്തെറിഞ്ഞ രാത്രികൾ എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. വിരാടിനും രോഹിത്തിനുമെതിരെ പന്തെറിയാനുള്ള ബൗളർമാരുടെ തയാറെടുപ്പ് എന്തായിരിക്കുമെന്ന് എനിക്ക് നന്നായറിയാം. അതിനാൽത്തന്നെ ഇരുവരും 2027ലെ ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” -ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ കൂടിയായ മോർക്കൽ പറഞ്ഞു.

അതേസമയം മോർക്കലിനെതിരെ രോഹിത്തിന് മോശം റെക്കോഡാണുള്ളതെന്നത് ശ്രദ്ധേയമാണ്. 28 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 14 ശരാശരിയിൽ മാത്രമാണ് രോഹിത്തിന് സ്കോർ ചെയ്യാനായത്. ഏഴ് തവണ രോഹിത്തിനെ പുറത്താക്കാനും മോർക്കലിനായി. എന്നാൽ മറുഭാഗത്ത് കോഹ്‌ലിക്ക് മോർക്കലിനെതിരെ മികച്ച റെക്കോഡുണ്ട്. 29 മത്സരങ്ങളിൽ 47.57 ശരാശരിയിലാണ് വിരാട് മോർക്കലിനെതിരെ സ്കോർ ചെയ്തിട്ടുള്ളത്. എട്ട് തവണ കോഹ്‌ലിയെ പുറത്താക്കാനും മോർക്കലിനായി.

ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിത്തും വിരാടും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ മാസം നടന്ന ആസ്ട്രേലിയൻ പര്യടനത്തിൽ പരമ്പരയിലെ താരമായ രോഹിത്, നിലവില്‍ ലോക ഒന്നാം നമ്പർ ഏകദിന ബാറ്ററാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടാനും താരത്തിനായി. ആദ്യ രണ്ട് ഏകദിനങ്ങളിൽ പൂജ്യത്തിന് പുറത്തായ കോഹ്‌ലി, മൂന്നാം മത്സരത്തിൽ പുറത്താകാതെ 74 റൺസ് നേടി. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ഇരുവരും ബുധനാഴ്ച തന്നെ റാഞ്ചിയിലെത്തി പരിശീലനം തുടങ്ങി. ടെസ്റ്റ് പരമ്പര 2-0ന് കൈവിട്ട ഇന്ത്യക്ക് പരമ്പര വിജയം അഭിമാന പ്രശ്നം കൂടിയാണ്.

Tags:    
News Summary - They gave me sleepless nights: Morne Morkel backs Rohit-Virat for 2027 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.