മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കെതിരെ വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. മോശം ഫോമിൽ കളിക്കുന്ന രോഹിത് ശർമ രഞ്ജിയിലും അത് തന്നെ തുടർന്നു. മണിക്കൂറുകൾ ബാറ്റ് വീശാൻ അദ്ദേഹത്തിന് സാധിക്കില്ലെന്ന് വ്യക്തമായിരുന്നു. രോഹിത് മാത്രമല്ല മുംബൈ ടോപ് ഓർഡറിലെ ബാറ്റിങ്ങിലെ എല്ലാവരും പരാജയമായി. ജമ്മു കാശ്മീരിനെതിരെ 11 വർഷത്തിന് മുംബൈ തോൽവി ഏറ്റുവാങ്ങി. മികച്ച ബാറ്റിങ് കാഴ്ചവെച്ച ശർദുൽ ഠാക്കൂർ, താനുഷ് കൊട്ടിയാൻ എന്നിവരെ ഗവാസ്കർ പുകഴ്ത്തുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിലെ അഗ്രസീവ് ബാറ്റിങ് ശൈലിയെയാണ് ഗവാസ്കർ പ്രധാനമായും വിമർശിച്ചത്. 'റൺസ് നേടാനായി കളിക്കുന്ന ഓൾ ഔട്ട് അഗ്രസീവ് ബാറ്റിങ് രീതിയുടെ മറ്റൊരു വിപത്താണ് മുംബൈയുടെ ബാറ്റിങ്ങിൽ കണ്ടത്. ഫ്ലാറ്റ് പിച്ചുകളിൽ അത് നടന്നേക്കാം. ബാൾ എന്തെങ്കിലും ചെയ്യുന്ന പിച്ചുകളിൽ റൺ കണ്ടെത്താൻ മികച്ച സാങ്കേതിക തികവ് വേണം,' ഗവാസ്കർ പറഞ്ഞു.
ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി ട്രോഫിയിലെ അവസാന ടെസ്റ്റിലും ഇന്ത്യ തോറ്റത് ഇക്കാരണം കൊണ്ടാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. ആസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ബി.സി.സിയുടെ നിർദേശത്തെ തുടർന്നാണ് രോഹിത് ശർമയടക്കം മുൻനിര താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനെത്തിയത്. കഴിഞ്ഞ വർഷം ആഭ്യന്തര മത്സരത്തിൽ കളിക്കാത്തതിനാൽ ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരുടെ കരാർ ബി.സി.സി.ഐ റദ്ദാക്കിയിരുന്നു, ഇത് പേടിച്ചാണോ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് എന്ന് ഗവാസ്കർ ചോദിച്ചു.
'അവർ ആത്മാർത്ഥതയോടെ തന്നെയാണോ കളിച്ചത്? അതോ ബി.സി.സി.ഐയുടെ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള പരിപാടിയാണോയെന്ന് അറിയില്ല. ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർക്ക് കഴിഞ്ഞ വർഷം കരാർ നഷ്ടപ്പെട്ടത് പോലെ. രോഹിത് ജയ്സ്വാൾ എന്നിവർ ടീമിലെത്തിയത് കാരണം രണ്ട് സെഞ്ച്വറിയും അർധസെഞ്ച്വറികളും സ്വന്തമാക്കിയ യുവതാരം ആയുഷ് മാഹത്രെക്ക് സ്ഥാനം നഷ്ടമായി. ഈ താരങ്ങളുമായി സമയം ചെലവഴിച്ച് ആവശ്യമുള്ള ടിപ്സ് അവനെടുത്തെന്ന് ഞാൻ കരുതുന്നു.
ഈ ആഴച രഞ്ജിയിൽ കളിക്കാതിരുന്ന കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനം കാണുവാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.