ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ടീമിലെ മികച്ച ഫീല്‍ഡര്‍മാര്‍ക്ക് മെഡല്‍ നല്‍കാറുള്ള ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ മെഡല്‍ കിട്ടാന്‍ ഈ ടീമിലെ ആരും അര്‍ഹനല്ലെന്ന് കമന്‍ററിക്കിടെ സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗിനിടെ മൂന്ന് തവണയാണ് ഇന്ത്യ ക്യാച്ചുകള്‍ കൈവിട്ടത്. അർധ സെഞ്ച്വുറി നേടിയ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിന്‍റെ ക്യാച്ച് രണ്ട് തവണയാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. മത്സരത്തിലെ അഞ്ചാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഗള്ളിയില്‍ യശസ്വി ജയ്സ്വാളാണ് ബെന്‍ ഡക്കറ്റിനെ ആദ്യം കൈവിട്ടത്. ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയും ഡക്കറ്റിനെ നിലത്തിട്ടു. രണ്ട് തവണ ഭാഗ്യം തുണച്ച ഡക്കറ്റ് പിന്നീട് 62 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ബുമ്ര തന്നെയാണ് ഡക്കറ്റിനെ ബൗൾഡാക്കിയത്. നിലവിൽ സെഞ്ച്വുറി തികച്ച് ക്രീസിൽ തുടരുന്ന ഒല്ലി പോപ്പിന്‍റെ ക്യാച്ചാണ് പിന്നീട് ഇന്ത്യ കൈവിട്ടത്. ഇത്തവണയും നിർഭാഗ്യം വേട്ടയാടിയത് ജയ്സ്വാളിനെ തന്നെ. പന്തെറിഞ്ഞത് ജസ്പ്രീത് ബുമ്രയും. പോപ്പ് 50 റൺസ് തികക്കുന്നതിന് മുമ്പായിരുന്നു ഇത്. ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ ഈ മോശം പ്രകടനത്തിന് ശേഷമാണ് സുനില്‍ ഗവാസ്കർ വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി 209-3 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ക്രീസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.