സർക്കിളിനു പുറത്ത് അഞ്ചു ഫീൽഡർമാർ; നോബോളാകുമെന്ന് തിരിച്ചറിഞ്ഞ് സ്മിത്തിന്‍റെ സിക്‌സ് -വിഡിയോ

മെല്‍ബണ്‍: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ആസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്തും സെഞ്ച്വറി വഴിയിൽ തിരിച്ചെത്തിയിരിക്കുന്നു. ന്യൂഡിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു സൂപ്പർതാരം കരിയറിലെ 12ാം ഏകദിന സെഞ്ച്വറി നേടിയത്.

മത്സരത്തിൽ 131 പന്തുകളിൽനിന്ന് 105 റൺസാണ് താരം നേടിയത്. എന്നാൽ, ബാറ്റിങ്ങിനിടെ സ്മിത്ത് നടത്തിയ തന്ത്രപ്രധാനമായൊരു നീക്കമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജിമ്മി നീഷാം എറിഞ്ഞ 38ാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സ്മിത്ത് സിക്‌സ് പറത്തി. എന്നാൽ, നേരത്തെ തന്നെ ഈ പന്ത് നോബോൾ ആകുമെന്ന് താരം ഉറപ്പിച്ചിരുന്നു.

പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അനുവദിച്ചതിലും കൂടുതല്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. അഞ്ചു ഫീൽഡർമാരാണ് ഈസമയം സർക്കിളിനു പുറത്തുണ്ടായിരുന്നത്. ഇത് മനസ്സിലാക്കിയാണ് സ്മിത്ത് വമ്പനടിക്ക് മുതിർന്നത്. സിക്‌സിനു പിന്നാലെ സ്മിത്ത് ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. സർക്കിളിനു പുറത്തെ ഫീൽഡർമാരെ അമ്പയർമാർക്ക് എണ്ണി കാണിച്ചുകൊടുക്കുന്നത് വിഡിയോയിൽ കാണാനാകും.

ഈ വിഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. എന്നാൽ, ചോദിച്ചുവാങ്ങിയ ഫ്രീ ഹിറ്റ് താരത്തിന് മുതലെടുക്കാനായില്ല. നീഷാം എറിഞ്ഞ സ്ലോവർ ബൗൺസ് സ്മിത്തിനെയും കടന്ന് നേരെ കീപ്പറുടെ കൈയിലാണ് എത്തിയത്. മത്സരത്തിൽ 25 റൺസിന് ഓസിസ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി.


Tags:    
News Summary - Steve Smith signals a no-ball after seeing five fielders outside 30-yard circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.