ഇർഫാൻ പത്താൻ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നിന്ന് ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്‍റെ പേരിലേക്ക് മാറ്റിയ കേന്ദ്ര സർക്കാർ നടപടി സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. അതേസമയം ഭാവിയിൽ സ്റ്റേഡിയങ്ങളുടെ പേരുകളും കായിക താരങ്ങളുടെ പേരിലാകുമെന്നാണ് പ്രതീക്ഷയെന്ന് ട്വിറ്ററിൽ കുറിച്ച ഇർഫാൻ കേന്ദ്ര സർക്കാറിനെതിരെ ഒളിയെമ്പയ്യാനും മടിച്ചില്ല.
'ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായികതാരത്തിന് അംഗീകാരം ലഭിക്കുന്നു, പുരസ്‌കാരം താരത്തിന്‍റെ പേരിൽ അറിയപ്പെടുന്നു എന്നതെല്ലാം സ്വാഗതാർഹമാണ്. കായികരംഗത്ത് നടക്കാനിരിക്കുന്ന നിരവധി നീക്കങ്ങളുടെ തുടക്കമാകും ഇത്' ഇർഫാൻ ട്വീറ്റ് ചെയ്തു.
ഖേൽരത്നയുടെ പേര് മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുകയാണ്. അതേ സമയം അഹ്മദാബാദിലെ മൊേട്ടര സ്റ്റേഡിയത്തിന്റെ പേര് സ്വന്തം പേരിലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം അതിന്‍റെ പേര് മാറ്റേട്ടയെന്നാണ് ട്വിറ്ററാറ്റി പറയുന്നത്.
ഇന്ത്യയിലെ പ്രശസ്തമായ മിക്ക സ്റ്റേഡിയങ്ങൾക്കും രാഷ്ട്രീയക്കാരുടെ പേരുകളാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം, ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം, ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം എന്നിവയാണ് അവയിൽ ചിലത്.
മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും പേരിൽ പത്തോളം സ്റ്റേഡിയങ്ങളുണ്ട്. അടുത്തിടെയാണ് ഡൽഹിയിലെ വിഖ്യാതമായ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ പേരിലേക്ക് മാറ്റിയത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പൗരന്മാരുടെ അപേക്ഷ പരിഗണിച്ചാണ് ഖേൽരത്ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റുന്നതെന്നാണ് മോദി വെള്ളിയാഴ്ച അറിയിച്ചത്. ജനങ്ങളുടെ വികാരം പരിഗണിച്ചാണ് നടപടിയെന്നും മോദി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.