സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബാറ്റിങ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സചിൻ ടെണ്ടുൽക്കർ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സചിന്‍റെ സ്ഥാപനമായ എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

റോജർ ബിന്നിയുടെ പിൻഗാമിയായി സചിൻ ബി.സി.സി.ഐ പ്രസിഡന്‍റാകുമെന്നായിരുന്നു റിപ്പോർട്ട്. ബിന്നിയുടെ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. ‘ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സചിൻ ടെണ്ടുൽക്കറെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്ന് അഭ്യർഥിക്കുന്നു’ -സചിന്‍റെ കമ്പനി പത്രക്കുറിപ്പിൽ പറയുന്നു.

സെപ്റ്റംബർ 28നാണ് ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി നടക്കുന്നത്. 2022 ഒക്ടോബറിലാണ് ബിന്നി ബി.സി.സി.ഐ പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. 70 വയസ്സ് പൂർത്തിയായതോടെയാണ് പദവി ഒഴിഞ്ഞത്. ബി.സി.സി.ഐ ഭരണഘടന പ്രകാരം 70 വയസ്സ് പൂർത്തിയായവർക്ക് സ്ഥാനത്തിരിക്കാനാകില്ല. ബി.സി.സി.ഐ ഓംബുഡ്സ്മാനെയും എത്തിക്സ് ഓഫിസറെയും ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കും. വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയാണ് നിലവിൽ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്നത്.

ഏകകണ്ഠമായി സചിനെ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ ചർച്ചകൾ നടക്കുന്നതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. 2019 മുതലാണ് മുൻ താരങ്ങളെ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന രീതി വന്നത്. സൗരവ് ഗാംഗുലിയാണ് ആദ്യമായി പദവിയിലെത്തിയ മുൻ ഇന്ത്യൻ താരം. പിന്നാലെ ബിന്നിയും. 1983ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ബിന്നി.

Tags:    
News Summary - Speculations of Sachin Tendulkar being next BCCI President ‘unfounded’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.