മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്ത നടപടിയാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്.
മികച്ച ഫോമിൽ ബാറ്റു വീശുന്ന ശ്രേയസ്, ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പഞ്ചാബിന്‍റെ റൺ വേട്ടക്കാരിൽ ഒന്നാമനും. വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ടെസ്റ്റ് ടീമിൽ മധ്യനിരയിൽ ശ്രേയസ് ഇടംപിടിക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. എന്നാൽ, താരം സ്ക്വാഡിൽ ഉൾപ്പെട്ടില്ല.
നിലവിലെ ഫോം നോക്കുമ്പോൾ ശ്രേയസിനെ സ്ക്വാഡിൽ ഉൾപ്പെടുത്തണമായിരുന്നെന്നും പുറത്തിരുത്തേണ്ട താരമല്ലെന്നും ഗാംഗുലി പറഞ്ഞു. ‘ഒരു വർഷമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസ് കളിക്കുന്നത്. ഈ ടീമിൽ നിർബന്ധമായും ഉണ്ടാകേണ്ട താരമാണ്. ഒരു വർഷമായി അതിശയകരമായ പ്രകടനമാണ് നടത്തുന്നത്. ഒഴിവാക്കേണ്ട താരമല്ല. സമ്മർദങ്ങൾക്കിടയിലും വലിയ സ്കോർ കണ്ടെത്തുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഷോർട്ട് ബാൾ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് കാണാൻ ഈ പരമ്പരയിൽ താരത്തെ ഉൾപ്പെടുത്താമായിരുന്നു’ -ഗാംഗുലി പ്രതികരിച്ചു.
പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ആദ്യ മത്സരവും. ഈമാസം 20നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഇന്ത്യൻ ടീം ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. 2007നുശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം.
പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.