കൊളംബോ: ഫൈനലിൽ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ച് ത്രിരാഷ്ട്ര വനിത ഏകദിന ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ ഓപണർ സ്മൃതി മന്ദാനയുടെ (101 പന്തിൽ 116) സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് അടിച്ചുകൂട്ടി. ലങ്കയുടെ മറുപടി 48.2 ഓവറിൽ 245ൽ അവസാനിച്ചു.
നാല് വിക്കറ്റെടുത്ത സ്നേഹ് റാണയും മൂന്നുപേരെ മടക്കിയ അമൻജോത് കൗറുമാണ് ജയം എളുപ്പമാക്കിയത്. മന്ദാന ഫൈനലിലെയും ആകെ 15 വിക്കറ്റ് നേടിയ സ്നേഹ് പരമ്പരയിലെയും താരമായി. ദക്ഷിണാഫ്രിക്കയായിരുന്നു പരമ്പരയിലെ മൂന്നാം ടീം.
ഹർലീൻ ഡിയോൾ (47), ജെമീമ റോഡ്രിഗസ് (44), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (41), ഓപണർ പ്രതിക റാവൽ (30), ദീപ്തി ശർമ (20 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിലെ മറ്റു പ്രധാന സംഭാവനകൾ. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു എറിഞ്ഞ 31ാം ഓവറിലെ ആദ്യ നാല് പന്തുകളും അതിർത്തി കടത്തിയാണ് മന്ദാന ഏകദിനത്തിലെ 11ാം ശതകം ആഘോഷിച്ചത്. 15 ഫോറും രണ്ട് സിക്സുമടങ്ങിയ ഇന്നിങ്സിന് 33ാം ഓവറിൽ ദേവ്മി വിഹംഗ അന്ത്യമിട്ടു. 51 റൺസ് നേടിയ ചമാരിയാണ് ലങ്കയുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.