ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ടീമിന്‍റെ ഉപനായകൻ ശുഭ്മൻ ഗിൽ. മുൻ പാകിസ്താൻ നായകൻ ബാബർ അസമിനെ മറികടന്നാണ് ഗിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള ഈ നേട്ടം താരത്തിന്‍റെ ആത്മവിശ്വാസം കൂട്ടും.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സങ്ങളടങ്ങിയ പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം 259 റൺസാണ് സ്വന്തമാക്കിയത്. 796 പോയിന്‍റാണ് നിലവിൽ ഗില്ലിനുള്ളത്.പാകിസ്താൻ താരം ബാബറിന് 776 റേറ്റിങ് പോയിന്‍റുണ്ട്. ഗില്ലിനെ കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളും ആദ്യ പത്ത് റാങ്കിങ്ങിലുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ മൂന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ താരം സെഞ്ച്വറി തികച്ചിരുന്നു.
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആറാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിൽ അർധസെഞ്ച്വറി തികച്ചുകൊണ്ട് താരം ഫോമിലേക്കുള്ള മടങ്ങിവരവ് സൂചിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലടക്കം ഇന്ത്യൻ ടീമിന്‍റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്താണ് റാങ്കിങ്ങിൽ നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.