രോഹിത്തില്ല! ശുഭ്മൻ ഗില്ലിന്‍റെ രണ്ടു ഇഷ്ടതാരങ്ങൾ ഇവരാണ്...

ദുബൈ: ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് ശുഭ്മൻ ഗിൽ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിൽ ഉപനായകനായിട്ടായിരുന്നു താരത്തിന്‍റെ മടങ്ങിവരവ്.

ഇന്ത്യൻ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ഗിൽ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാലു സെഞ്ച്വറികൾ നേടി താരം പുതിയ റെക്കോഡ് സ്വന്തമാക്കി. നിലവിൽ രോഹിത് ശർമ നയിക്കുന്ന ഏകദിന ടീമിൽ ഗില്ലാണ് ഉപനായകൻ. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി താരമായാണ് ഗില്ലിനെ പണ്ഡിറ്റുകൾ വിലയിരുത്തുന്നത്. രോഹിത്തിനുശേഷം ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ടീമിന്‍റെ നായകനായി ഗില്ലിനെ കൊണ്ടുവരാനുള്ള അണിയറ നീക്കവും നടക്കുന്നുണ്ട്.

ആപ്പ്ൾ മ്യൂസിക്കിന്‍റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത ഗിൽ, ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച രണ്ടു താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തി. ബാറ്റിങ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയുമാണ് ഗില്ലിന്‍റെ ഇഷ്ടതാരങ്ങൾ. പിതാവിന്‍റെ ഇഷ്ടതാരം കൂടിയായ സചിനാണ് തന്നെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതെന്ന് ഗിൽ പറയുന്നു.

‘ക്രിക്കറ്റിൽ എനിക്ക് രണ്ടു ആരാധനാപാത്രങ്ങളാണുള്ളത്. ഒന്നാമത്തെയാൾ സചിൻ ടെണ്ടുൽക്കറാണ്. പിതാവിന്‍റെ ഇഷ്ടതാരവും സചിനായിരുന്നു. അദ്ദേഹത്തെ കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. 2013ൽ സചിൻ വിരമിച്ചു. 2011-2013 കാല‍യളവിലാണ് ശരിയായി ക്രിക്കറ്റിനെ മനസ്സിലാക്കുന്നതും സമീപിക്കുന്നതും’ -ഗിൽ പറഞ്ഞു.

കോഹ്ലിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശവും വിജയദാഹവും തന്നെ ഏറെ സ്വാധീനിച്ചതായും ഗിൽ കൂട്ടിച്ചേർത്തു. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ യു.എ.ഇക്കെതിരെ ഓപ്പണറായി ഇറങ്ങിയ താരം ഒമ്പത് പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. യു.എ.ഇയെ 57 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 4.3 ഓവറിൽ ലക്ഷ്യത്തിലെത്തി.

ഈമാസം 14ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    
News Summary - Shubman Gill Names His Two Cricketing Idols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.