ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിൽ ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിലെത്തി ഇന്ത്യൻ സൂപ്പർതാരം ശുഭ്മൻ ഗിൽ. ബാറ്റർമാരിൽ ഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.
പാകിസ്താൻ നായകൻ ബാബർ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരുടെ കരുത്തിലാണ് ഇന്ത്യ ഒരു മത്സരം പോലും തോൽക്കാതെ ഏഷ്യാ കപ്പ് കലാശപ്പോരിന് യോഗ്യത നേടിയത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തുപേരിൽ മൂന്നു ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു.
നാലര വർഷത്തിനിടെ ആദ്യമായാണ് ആദ്യ പത്തിൽ മൂന്നു ഇന്ത്യക്കാരെത്തുന്നത്. 863 റേറ്റിങ് പോയന്‍റുമായാണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള ഗില്ലിന് 759 പോയന്‍റാണുള്ളത്. ടൂർണമെന്‍റിൽ രണ്ടു അർധ സെഞ്ച്വറികളടക്കം 154 റൺസാണ് താരം നേടിയത്.
രണ്ടു സ്ഥാനം വീതം മെച്ചപ്പെടുത്തി സൂപ്പർതാരം വിരാട് കോഹ്ലി എട്ടാം സ്ഥാനത്തേക്കും നായകൻ രോഹിത്ത് ശർമ ഒമ്പതാം സ്ഥാനത്തേക്കും ഉയർന്നു.
2019 ജനുവരിയിലാണ് ഇതിനു മുമ്പ് മൂന്നു ഇന്ത്യൻ താരങ്ങൾ ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തിയത്. വെടിക്കെട്ട് ബാറ്റർ ശിഖർ ധവാനൊപ്പം കോഹ്ലിയും രോഹിത്തുമാണ് അന്ന് ആദ്യ പത്തിലുണ്ടായിരുന്നത്. പാകിസ്താനും ആസ്ട്രേലിയയുമാണ് ടീമുകളിൽ ഒന്നാമത്. പാകിസ്താന്‍റെ മൂന്നു ബാറ്റർമാരും ആദ്യ പത്തിലുണ്ട്. ബാബറിനെ കൂടാതെ, അഞ്ചാം സ്ഥാനത്തുള്ള ഇമാമുൽ ഹഖും പത്താം സ്ഥാനത്തുള്ള ഫഖർ സമാനും.
ബൗളർമാരിൽ കുൽദീപ് യാദവ് ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. ഏഷ്യാ കപ്പിലെ ഒമ്പത് വിക്കറ്റ് പ്രകടനമാണ് താരത്തിന് തുണയായത്. ഓൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.