ഓസീസിനെതിരായ സെഞ്ച്വറി; ശിഖർ ധവാന്റെ റെക്കോർഡ് തകർത്ത് ഗിൽ

ഫോം നഷ്ടമായി ടീമിൽ നിന്ന് പുറത്തായ ശിഖർ ധവാന് പകരക്കാരനായാണ് ശുഭ്മാൻ ഗിൽ ഇന്ത്യൻ ജഴ്സിയണിയുന്നത്. നായകൻ രോഹിത് ശർമക്കൊപ്പം ഓപൺ ചെയ്യുന്ന താരം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ചൊരു പകരക്കാരനാകുന്നതിനൊപ്പം ധവാന്റെ റെക്കോർഡുകളും യുവതാരം ഇപ്പോൾ തകർത്തുകൊണ്ടിരിക്കുകയാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായ ഗിൽ ഇന്നലെ നേടിയ സെഞ്ച്വറിയിലൂടെ പുതിയ റെക്കോർഡ് സ്വന്തം പേരിലാക്കി.

2023ൽ ഏകദിന ഫോർമാറ്റിൽ ഗിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം മാത്രം 1200 റൺസും താരം നേടി. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന കാര്യം കൂടിയാണിത്. 50 ഓവർ ഫോർമാറ്റിൽ ഗിൽ ഇതുവരെ നേടിയ ആറ് സെഞ്ചുറികളിൽ അഞ്ചെണ്ണവും പിറന്നത് ഈ വർഷമാണ്. ഈ മാസം തന്നെ രണ്ട് ശതകമാണ് താരം നേടിയത്.

ആറ് ഏകദിന സെഞ്ചുറികൾ എന്ന നേട്ടത്തിലെത്താൻ ഗില്ലിന് 35 ഇന്നിംഗ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ, ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ലിലെത്തിയ ഇന്ത്യൻ താരമാണിപ്പോൾ ഗിൽ. ആറാം സെഞ്ച്വറി നേടാൻ 42 ഇന്നിംഗ്‌സുകൾ എടുത്ത ശിഖർ ധവാന്റെ റെക്കോർഡാണ് ഗിൽ തകർത്തത്.

എന്നാൽ ലോക ക്രിക്കറ്റിൽ ഇക്കാര്യത്തിൽ ക്വിന്റൺ ഡി കോക്കിനൊപ്പംഅഞ്ചാം സ്ഥാനം പങ്കിടുകയാണ് ഗിൽ. ഡീ കോക്കും 35 ഇന്നിങ്സുകളിലാണ് ആറ് സെഞ്ച്വറികൾ നേടിയത്. പാകിസ്താൻ താരം ഇമാമുൾ ഹഖാണ് 27 ഇന്നിങ്സുകളിൽ ആറ് ശതകം തികച്ചുകൊണ്ട് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയുടെ ഉപുൽ തരംഗ (29), പാകിസ്താൻ നായകൻ ബാബർ അസം (32), ഹാഷിം അംല (34) എന്നിവരാണ് ഒന്ന് മുതൽ നാല് സ്ഥാനങ്ങളിൽ.

അതേസമയം, ഇന്ത്യൻ താരങ്ങളിൽ കെ.എൽ രാഹുലാണ് (53 ഇന്നിങ്സ്) മൂന്നാം സ്ഥാനത്ത്, വിരാട് കോഹ്‍ലി (61), ഗംഭീർ (68) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 

Tags:    
News Summary - Shubman Gill Breaks Shikhar Dhawan's Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.