പരിക്കേറ്റ് മടങ്ങുന്ന ഗിൽ

ശുഭ്മൻ ഗിൽ ഐ.സി.യുവിൽ; ചികിത്സക്ക് മേൽനോട്ടം നൽകാൻ വിദഗ്ധ സമിതി

കൊൽക്കത്ത: ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് ഇന്ത്യൻ നായകൻ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പുരോഗമിക്കവെ, ബാറ്റിങ്ങിനിടെ പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടതോടെ ക്രീസ് വിടുകയായിരുന്നു.

സൈമൺ ഹാർമറുടെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ചതിനു പിന്നാലെ കഴുത്തിൽ രൂക്ഷവേദന അനുഭവപ്പെട്ട താരം സപ്പോർട്ടിങ് സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. ഇതോടെ ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ഗില്ലിന്‍റെ ലഭ്യതയും അനിശ്ചിതത്വത്തിലായി. ചികിത്സക്കായി വിദഗ്ധ ഡോക്ടർമാരടങ്ങിയ സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ന്യൂറോ സർജൻ, ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് താരത്തിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. പരിക്കിൽനിന്ന് മോചിതനാകുന്ന മുറക്ക് മാത്രമേ ഗുവാഹത്തി ടെസ്റ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്താണ് നിലവിൽ ടീമിനെ നയിക്കുന്നത്.

അതേസമയം കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് പുരോഗമിക്കുകയാണ്. സന്ദർശകരുടെ ലീഡ് 100 റൺസ് പിന്നിട്ടു. 45 ഓവർ പിന്നിടുമ്പോൾ ഏഴിന് 131 എന്ന നിലയിലാണ് പ്രോട്ടീസ്. 42 റൺസുമായി ക്യാപ്റ്റൻ തെബ ബവുമയും 24 റൺസുമായി കോർബിൻ ബോഷുമാണ് ക്രീസിൽ. ഏഴിന് 93 റൺസെന്ന നിലയിലാണ് അവർ ഞാറാഴ്ച ബാറ്റിങ് പുനരാരംഭിച്ചത്. പുറത്തായ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

30 റൺസ് കടവുമായിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര സ്പിന്നർമാർക്കു മുന്നിൽ പൊരുതിനിൽക്കാതെ മുട്ടുമടക്കുകയായിരുന്നു. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസൻ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്. മധ്യനിരയിലിറങ്ങിയ ബവുമ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റുകളടക്കം 15 വിക്കറ്റാണ് രണ്ടാം ദിനം ഈഡൻ ഗാർഡനിൽ വീണത്.

Tags:    
News Summary - Shubman Gill Admitted To ICU, Critical Care Panel Formed For India Captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.