ഹൈദരാബാദ്: ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 48 ഓവർ പൂർത്തിയായ നേരത്ത് ശുഭ്മാൻ ഗില്ലിന്‍റെ സ്കോർ 182 റൺസ്. 49ാം ഓവർ എറിയാനെത്തിയത് ലോക്കീ ഫെർഗൂസൺ. രണ്ട് ഓവറുകൾ മാത്രം ശേഷിക്കേ ഗിൽ കാത്തിരുന്ന ഇരട്ട സെഞ്ച്വറി തികയ്ക്കുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക.
ആദ്യ പന്ത് സ്ക്വയർ ലെഗിന് മുകളിലൂടെ ഗാലറിയിലേക്ക് പറത്തി. സിക്സർ. അടുത്ത പന്തിൽ പിറന്നത് ഇന്നിങ്സിലെ തന്നെ മനോഹരമായ സിക്സർ, ലോങ് ഓഫിന് മുകളിലൂടെ ഗാലറിയിലേക്ക്. 200ന് ആറ് റൺസ് മാത്രം അകലെ ഗിൽ. ഗാലറിയിൽ ആരവങ്ങളുയർന്നു. മൂന്നാം പന്തും ലോങ് ഓഫിന് മുകളിലൂടെ പറന്നു. 49ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളും ആകാശത്തേക്ക് പറത്തി ഗിൽ ആധികാരികമായിത്തന്നെ ഇരട്ടസെഞ്ച്വറി തികച്ചു.
ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും ഗില്ലിന് സ്വന്തമായി. 19 മത്സരങ്ങളിൽ നിന്നാണ് ഗിൽ 1000 തികച്ചത്. 24 കളികളിൽ നിന്ന് 1000 തികച്ച വിരാട് കോഹ്ലിയെയാണ് ഗിൽ പിന്നിലാക്കിയത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനെന്ന നേട്ടവും 23കാരനായ ഗിൽ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.