രോഹിത്തോ, കോഹ്ലിയോ അല്ല! ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് പ്രതീക്ഷകൾ ഈ താരങ്ങളിലെന്ന് രവി ശാസ്ത്രി...

മുംബൈ: ട്വന്‍റി20 ലോകകപ്പിന് ഏതാനും ആഴ്ചകളുടെ ദൂരം മാത്രമാണുള്ളത്. ജൂൺ രണ്ടിന് ആരംഭിക്കുന്ന ലോകകപ്പിന് യു.എസും വെസ്റ്റിൻഡീസുമാണ് വേദിയാകുന്നത്. അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ സൂപ്പർതാരം വിരാട് കോഹ്ലി, സൂര്യകുമാർ, മലയാളി താരം സഞ്ജു സാംസൺ, പേസർ ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ഇടംനേടിയിട്ടുണ്ട്. എന്നാൽ, ലോകകപ്പിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകളിൽ നിർണായക പങ്കുവഹിക്കുക യശസ്വി ജയ്സ്വാളും ശിവം ദുബെയുമാകുമെന്നാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി പറയുന്നു. ഇരുവരുടെയും ആദ്യ ഐ.സി.സി ലോകകപ്പ് അരങ്ങേറ്റം കൂടിയാകും ഇത്.

നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ജയ്സ്വാൾ നടത്തിയത്. 2023ൽ ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ച താരം, 16 ഇന്നിങ്സുകളിൽനിന്നായി ഇതുവരെ 502 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു അർധ സെഞ്ച്വറിയും ഉൾപ്പെടെയാണിത്. ‘നിങ്ങൾ ശ്രദ്ധിക്കേണ്ട രണ്ട് താരങ്ങൾ, യശ്വസി ജയ്സ്വാളും ശിവം ദുബെയും, ഇരുവരും ഇടങ്കൈയൻമാരാണ്, ഇരുവരും ആദ്യ ലോകകപ്പ് കളിക്കുകയാണ്’ -ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ജയ്സ്വാൾ മികച്ച പ്രകടനം നടത്തി. ടോപ് ഓർഡറിൽ ആക്രമണകാരിയാണ്, ചെറുപ്പവും. ഐ.പി.എൽ നടപ്പ് സീസണിൽ 11 മത്സരങ്ങളിൽനിന്ന് 26 സിക്സുകളാണ് ചെന്നൈ സൂപ്പർ കിങ്സിവേണ്ടി ഇതുവരെ ദുബെ നേടിയത്.

2023, 24 സീസൺ ട്വന്‍റി20 ലീഗിലെ തകർപ്പൻ പ്രകടനവും അഫ്ഗാനിസ്ഥാനെതിരെ ജനുവരിയിൽ നടന്ന ട്വന്‍റി20 പരമ്പരയിൽ നേടിയ തുടർച്ചയായ രണ്ടു അർധ സെഞ്ച്വറികളുമാണ് താരത്തെ ലോകകപ്പ് ടീമിൽ എത്തിച്ചതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Shastri picks 2 players key to India’s T20WC hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.