തമിഴ്നാടിനെതിരെ രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടിയ ശാർദുൽ താക്കൂർ

കന്നി സെഞ്ച്വറിക്കൊപ്പം കിടിലൻ പ​ന്തേറുമായി ശാർദുൽ; തമിഴ്നാടിനെ ഇന്നിങ്സിന് തകർത്ത് മുംബൈ ഫൈനലിൽ

മുംബൈ: ശാർദുൽ താക്കൂറിന്റെ ഓൾറൗണ്ട് പാടവം തുണക്കെത്തിയപ്പോൾ തമിഴ്നാടിനെ മൂന്നു ദിവസത്തിനകം കെട്ടുകെട്ടിച്ച് മുംബൈ ടീം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇടം നേടി. ഇന്നിങ്സിനും 70 റൺസിനുമാണ് മുംബൈയുടെ മിന്നുംജയം.

ഒന്നാമിന്നിങ്സിൽ തമിഴ്നാടിനെ 146 റൺസിന് ചുരുട്ടിക്കെട്ടിയ മുംബൈ മറുപടിയായി 378 റൺസെടുത്തിരുന്നു. ഒമ്പതാമനായിറങ്ങി സെഞ്ച്വറി നേടിയ ശാർദുൽ (109) ആണ് ഇന്നിങ്സിന് കരുത്തുപകർന്നത്. ഏഴു വിക്കറ്റിന് 106 റൺസെന്ന അപകടകരമായ നിലയിൽ ​ക്രീസിലെത്തിയ ശാർദുലും തനുഷ് ​കോട്ടിയനും (89 നോട്ടൗട്ട്) ചേർന്ന് വാലറ്റത്ത് നടത്തിയ തകർപ്പൻ പ്രകടനം മുംബൈക്ക് വ്യക്തമായ മേധാവിത്വം നൽകുകയായിരുന്നു. ശാർദുലിന്റെ കന്നി ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയാണിത്. കൗമാരതാരം മുഷീർ ഖാൻ 55 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ (19), ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ (അഞ്ച്), ശ്രേയസ് അയ്യർ (മൂന്ന്) എന്നിവർ എളുപ്പം പുറത്തായി. തമിഴ്നാടിന്റെ മലയാളി താരം സന്ദീപ് വാര്യറാണ് ശ്രേയസിനെ ക്ലീൻ ബൗൾഡാക്കിയത്.

തുടന്ന് രണ്ടാമിന്നിങ്സിൽ പാഡുകെട്ടിയിറങ്ങിയ തമിഴ്നാട്ടുകാർ കേവലം 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 70 റൺസെടുത്ത ബാബ ഇന്ദ്രജിത് ഒഴികെ മറ്റാർക്കും മുനകൂർത്ത മുംബൈ ബൗളിങ്ങിനെ ചെറുത്തുനിൽക്കാനായില്ല. രണ്ടിന്നിങ്സുകളിലായി രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി ശാർദുൽ ബൗളിങ്ങിലും മികവുകാട്ടി. ശാർദുൽ ഓപണർമാരെ എളുപ്പം തിരിച്ചയ​ച്ചപ്പോൾ രണ്ടാമിന്നിങ്സിൽ മൂന്നുവിക്കറ്റിന് പത്തു റൺസെന്ന ദയനീയനിലയിലേക്ക് തമിഴ്നാട് കൂപ്പുകുത്തിയിരുന്നു.

വിദർഭയും മധ്യപ്രദേശും തമ്മിലുള്ള സെമിഫൈനൽ മത്സര വിജയികളാണ് ​ഫൈനലിൽ മുംബൈയുടെ എതിരാളികൾ. ഒന്നാമിന്നിങ്സിൽ 170 റൺസിന് പുറത്തായ വിദർഭക്ക് മറുപടിയായി മധ്യപ്രദേശ് 252 റൺസെടുത്തിരുന്നു. രണ്ടാമിന്നിങ്സിൽ പക്ഷേ, തിരിച്ചടിച്ച വിദർഭ മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 343 റൺസെടുത്തിട്ടുണ്ട്. 97 റൺസുമായി യാഷ് റാത്തോഡ് ക്രീസിലുണ്ട്. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ 77 റൺസെടുത്തു.

Tags:    
News Summary - Shardul Thakur Leads, Mumbai crush TN to storm into Ranj Trophy Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.