വോണിന്‍റെ അവസാന ട്വീറ്റിൽ റോഡ് മാർഷ്; സിമൺസിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വോണിന്‍റെ വേർപാടും

രണ്ടു മാസത്തിനിടെ ആസ്ട്രേലിയൻ ക്രിക്കറ്റിന് മൂന്നു സൂപ്പർ താരങ്ങളെയാണ് നഷ്ടമായത്. മാർച്ചിൽ ഇതിഹാസ താരങ്ങളായ ഷെയ്ൻ വോണും റോഡ് മാർഷും മരിച്ചതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനിടെയാണ് ആൻഡ്രു സീമൺസിന്‍റെ അകാല വിയോഗം.

ആസ്ട്രേലിയയുടെ രണ്ടു ലോകകപ്പ് വിജയത്തിലും സീമൺസ് പങ്കാളിയായിരുന്നു. ഷെയ്ൻ വോണിന്‍റെ സംസ്കാര ചടങ്ങിൽ സഹതാരങ്ങൾക്കൊപ്പമാണ് സിമൺസ് പങ്കെടുത്തത്. അദ്ദേഹം അവസാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും വോണിനെ കുറിച്ചായിരുന്നു. 'തകർന്നുപോയി, ഇതെല്ലാം ഒരു മോശം സ്വപ്‌നമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇനിയൊരിക്കലും നിങ്ങളെ കാണാതിരിക്കാൻ കഴിയാത്തതിനാൽ ചുറ്റിലും നോക്കാനാകുന്നില്ല. വോണിന്റെ എല്ലാ കുടുംബത്തോടും സ്നേഹം, വാക്കുകൾ കിട്ടുന്നില്ല' -ഇതായിരുന്നു സിമൺസിന്‍റെ പോസ്റ്റ്.

കഴിഞ്ഞ മാർച്ചിൽ വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്നാണ് 74കാരനായ റോഡ് മാർഷ് മരിച്ചത്. ഷെയ്ൻ വോൺ അവസാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് മാർഷിനെ കുറിച്ചായിരുന്നു. 'റോഡ് മാർഷ് അന്തരിച്ചു എന്ന വാർത്ത കേട്ടതിൽ സങ്കടമുണ്ട്. അവൻ ഞങ്ങളുടെ മഹത്തായ ഗെയിമിലെ ഇതിഹാസവും നിരവധി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രചോദനവുമായിരുന്നു. റോഡിന് ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിൽ താൽപര്യമുണ്ടായിരുന്നു, പ്രത്യേകിച്ച് ആസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്ക് വലിയ സംഭാവനകൾ നൽകി. റോസിനും കുടുംബത്തിനും ഒത്തിരി സ്നേഹം അയക്കുന്നു' -വോൺ ട്വിറ്ററിൽ കുറിച്ചു.

ആസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ആൻഡ്രു സിമൺസ്. 26 ടെസ്റ്റുകളിലും 198 ഏകദിനങ്ങളിലും സിമൺസ് ആസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. 1998 മുതൽ 2009 വരെ നീണ്ടു കിടക്കുന്നതാണ് കരിയർ. 14 ട്വന്റി-20 മത്സരങ്ങളിലും ആസ്ട്രേലിയക്കായി കുപ്പായമണിഞ്ഞു.

2003, 2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ആസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു. 198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമൺസ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    
News Summary - Shane Warne's last tweet was on Rod Marsh, Andrew Symonds's last Instagram post was on Warne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.