ദുബൈ: അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും നാലു പോയന്‍റുമായി ഗ്രൂപ്പ് ബിയിൽനിന്ന് ആസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെത്തി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും ന്യൂസിലൻഡും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇന്നത്തെയും നാളത്തെയും മത്സരങ്ങൾ കഴിയുന്നതോടെ സെമി മത്സരക്രമത്തിന്‍റെ ചിത്രം വ്യക്തമാകും.
എന്നാൽ, സെമിക്ക് തയാറെടുക്കുന്ന ഓസീസിന് ഓപ്പണർ മാത്യു ഷോർട്ടിന്‍റെ പരിക്ക് തിരിച്ചടിയാകും. പേശി പരിക്കുകാരണം അഫ്ഗാനെതിരായ മത്സരത്തിൽ താരം ഏറെ പ്രയാസപ്പെട്ടാണ് ബാറ്റ് ചെയ്തത്. ഓടാനും ഷോട്ടുകൾ കളിക്കാനും ബുദ്ധിമുട്ടിയ ഷോർട്ട് 15 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം 20 റൺസെടുത്ത് പുറത്തായി. താരം അടുത്ത മത്സരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജേക് ഫ്രേസർ മക്ഗുർഗ്, ഓൾ റൗണ്ടർ ആരോൺ ഹാർഡീ എന്നിവരിൽ ആരെങ്കിലുമാകും പകരക്കാരനായി ടീമിലെത്തുക. ഇംഗ്ലണ്ടിനെതിരെ റെക്കോഡ് സ്കോർ പിന്തുടർന്ന് ജയിച്ച മത്സരത്തിൽ ഷോട്ട് 63 റൺസെടുത്തിരുന്നു.
ഷോർട്ടിന് നടക്കാൻ ഏറെ പ്രയാസമുണ്ടെന്ന് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. അഫ്ഗാന്‍റെ 273 റൺസ് പിന്തുടർന്ന ഓസീസ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. 40 പന്തിൽ 59 റൺസുമായി ട്രാവിസ് ഹെഡ്ഡും 22 പന്തിൽ 19 റൺസുമായി സ്മിത്തുമാണ് ക്രീസിലുണ്ടായിരുന്നത്. മഴ ശമിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളു ഓരോ പോയന്‍റ് വീതം പങ്കിട്ടു.
ഓസീസിന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. ഇതോടെ നാലു പോയന്‍റുമായി ഓസീസ് സെമി യോഗ്യത നേടി. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ് സെമിയിൽ ഏറ്റുമുട്ടുക. രണ്ടാമത്തെ സെമിയിൽ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരും. പരിക്കുമൂലം സൂപ്പർ താരങ്ങളായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോസ് ഹെയ്സൽവുഡ് എന്നിവരില്ലാതെയാണ് ഓസീസ് ചാമ്പ്യൻസ് ട്രോഫി കളിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.