‘ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ധോണിയെ വിലക്കിയോ? അമ്പയറുമായി കൊമ്പുകോർത്തതിന് കോഹ്ലിയെയോ? ’ ബി.സി.സി.ഐക്ക് ഇരട്ട നീതിയെന്ന് മുൻ ഇന്ത്യൻ ഓപ്പണർ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ചില താരങ്ങൾക്ക് മാത്രം പ്രത്യേക ആനുകൂല്യവും നീതിയും ലഭിക്കുന്നുവെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. പെരുമാറ്റചട്ടം ലംഘിച്ചതിന് ലഖ്നോ സൂപ്പർ ജയന്‍റ്സ് സ്പിന്നർ ദിഗ്‍വേഷ് രാതിക്ക് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു സെവാഗിന്‍റെ വിമർശനം.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അഭിഷേക് ശർമയുമായി തർക്കിച്ചതിന് താരത്തിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. അഭിഷേകിനെ പുറത്താക്കിയശേഷം നടത്തിയ വിവാദ നോട്ട്ബുക്ക് ആഘോഷത്തിനു പിന്നാലെയാണ് ഇരുവരും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്. ദിഗ്‍വേഷിനെതിരായ നടപടി അൽപം കടന്നുപോയെന്ന് സെവാഗ് കുറ്റപ്പെടുത്തി. ഐ.പി.എല്ലിൽ എം.എസ്. ധോണി, വിരാട് കോഹ്ലി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ ഇത്തരത്തിൽ പെരുമാറിയ സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഈ താരങ്ങൾക്ക് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വിലക്കിയ നടപടി അൽപം കടന്നുപോയെന്ന് കരുതുന്നു. ഐ.പി.എല്ലിൽ താരത്തിന്‍റെ ആദ്യ വർഷമാണ്. ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയിട്ടും ധോണിയെ വിലക്കിയില്ല. കോഹ്ലി അമ്പയർമാരോട് രൂക്ഷമായി സംസാരിച്ചിട്ടുണ്ട്, അതും പലതവണ, അദ്ദേഹത്തിനും വിലക്കില്ല. അതുകൊണ്ട്, ദിഗ്‍വേഷിനെയും ഒഴിവാക്കാമായിരുന്നു, കാരണം അവൻ ഒരു യുവ കളിക്കാരനാണ്, അദ്ദേഹത്തിനെതിരായ നടപടി ഒഴിവാക്കാമായിരുന്നു’ -സെവാഗ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

2019 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തിനിടെ നോ ബാൾ വിളിച്ചതുമായി ബന്ധപ്പെട്ട് ധോണി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കടന്ന് ഓൺ ഫീൽഡ് അമ്പയറുമായി തർക്കിച്ചിരുന്നു. അന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴയാണ് ധോണിക്കെതിരെ ചുമത്തിയത്. കോഹ്ലി പലതവണ മത്സരത്തിനിടെ അമ്പയർമാരുമായി കൊമ്പുകോർക്കുന്ന സംഭവങ്ങളും ഐ.പി.എല്ലിൽ ഉണ്ടായിട്ടുണ്ട്.

അതേസമയം, ദിഗ്‍വേഷ് തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയതിനാണ് യുവ താരത്തിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയത്. മൊത്തം അഞ്ച് ഡീമെറിറ്റ് പോയന്‍റ് ലഭിച്ചതോടെയാണ് സസ്പെൻഷൻ. അഹ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം താരത്തിന് നഷ്ടമായി.

Tags:    
News Summary - Sehwag questions Digvesh's ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.