സഞ്ജുവിന്റെ സൂപ്പർ ഷോ; ലഖ്നോക്കെതിരെ രാജസ്ഥാന് മികച്ച സ്കോർ

ജെയ്പൂർ: ബാറ്റിൽ തീ പടർത്തി നായകൻ സഞ്ജു സാംസൺ ക്രീസിൽ നിലയുറപ്പിച്ച​തോടെ ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 52 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റൺസുമായി സഞ്ജു പുറത്താകാതെനിന്നു.

സ്കോർ ബോർഡിൽ 13 റൺസ് ആയപ്പോഴേക്കും രാജസ്ഥാന്റെ ആദ്യ വിക്കറ്റ് ​വീണിരുന്നു. 9 പന്തിൽ 11 റൺസെടുത്ത ജോസ് ബട്‍ലറെ നവീനുൽ ഹഖിന്റെ പന്തിൽ വിക്കറ്റിന് പിറകിൽ കെ.എൽ രാഹുൽ പിടികൂടുകയായിരുന്നു. വൈകാതെ യശസ്വി ജയ്സ്വാളും വീണു. 12 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 24 റൺസിലെത്തിയ താരത്തെ മുഹ്സിൻ ഖാൻ ക്രുനാൽ പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.

തുടർന്ന് റിയാൻ പരാഗിനെ കൂട്ടുനിർത്തി സഞ്ജു ലഖ്നോ ബൗളർമാരെ അനായാസം നേരിട്ടു. എന്നാൽ, 29 പന്തിൽ 43 റൺസെടുത്ത പരാഗിനെ നവീനുൽ ഹഖ് തന്നെ മടക്കി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 പന്തിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ (ഏഴ് പന്തിൽ അഞ്ച്) വന്ന പോലെ മടങ്ങി. രവി ബി​ഷ്‍ണോയിയുടെ പന്തിൽ രാഹുലിന് പിടികൊടുക്കുകയായിരുന്നു. സ്ഞജുവിന് കൂട്ടായി ധ്രുവ് ജുറേൽ എത്തിയതോടെ രാജസ്ഥാൻ സ്കോർ വീണ്ടും വേഗത്തിൽ ചലിച്ചു. ജുറേൽ 12 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത് പുറത്താകാതെനിന്നു.

ലഖ്നോക്കായി നവീനുൽ ഹഖ് നാലോവറിൽ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോൾ മുഹ്സിൻ ഖാൻ, രവി ബി​ഷ്‍ണോയി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Tags:    
News Summary - Sanju's Super Show; good score for Rajasthan against Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.