അർധസെഞ്ച്വറികളുമായി സഞ്ജുവും തിലകും ഷാർദുലും; ഇന്ത്യ എ 284ന് പുറത്ത്

ചെന്നൈ: തകർപ്പൻ അർധസെഞ്ച്വറിയുമായി ഇന്ത്യ എ ടീമിനെ മുന്നിൽനിന്ന് നയിച്ച് മലയാളി താരം സഞ്ജു സാംസൺ. ന്യൂസിലൻഡ് 'എ' ടീമുമായുള്ള അവസാന ഏകദിന മത്സരത്തിൽ സഞ്ജുവിന് പുറമെ തിലക് വർമയുടെയും ഷാർദുൽ താക്കൂറിന്റെയും അർധസെഞ്ച്വറികളുടെ മികവിൽ ഇന്ത്യ 49.3 ഓവറിൽ 284 റൺസാണെടുത്തത്.

ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഓപണർമാരായ അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, ടീം സ്‌കോർ 55ൽ നിൽക്കെ അഭിമന്യു മാത്യുവിനെ ഫിഷറിന്റെ പന്തിൽ കിവീസ് വിക്കറ്റ് കീപ്പർ ഡെയിൻസ് ക്ലെവർ പിടിച്ച് പുറത്താക്കി. 35 പന്തിൽ എട്ട് ബൗണ്ടറി സഹിതം 39 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ തൃപാഠിയും (25 പന്തിൽ 18) മടങ്ങി. തുടർന്നാണ് സഞ്ജു നാലാമനായെത്തിയ തിലക് വർമയെ കൂട്ടുപിടിച്ച് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് വൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും തിലക് രചിൻ രവീന്ദ്രയുടെ പന്തിൽ ലോഗൻ വാൻ ബീക്കിന് ക്യാച്ച് നൽകി മടങ്ങി. 62 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്‌സും സഹിതം 50 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടർന്നെത്തിയ ശ്രീകർ ഭരത്(ഒമ്പത്) വൈകാതെ മടങ്ങി. 36ാം ഓവർ എറിഞ്ഞ കിവീസ് പേസർ ജേക്കബ് ഡെഫി സഞ്ജുവിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. രണ്ട് സിക്‌സിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 68 പന്തിൽ 54 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 29 നോട്ടൗട്ട്, 37 എന്നിങ്ങനെയാണ് ആദ്യ രണ്ടു മത്സരങ്ങളിലെ സഞ്ജുവിന്റെ സ്‌കോർ. പിന്നാലെ രാജ് ബവയും കൂടാരം കയറി.

46 പന്തിൽ 34 റൺസെടുത്ത റിഷി ധവാനും അവസാനം കൂറ്റനടികളോടെ കളം നിറഞ്ഞ ഷാർദുൽ താക്കൂറും (33 പന്തിൽ 51) ​ചേർന്നാണ് ഇന്ത്യ 'എ'യെ മാന്യമായ സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് എ എട്ടോവറിൽ വിക്കറ്റ് നഷ്ടമാകാതെ 44 എന്ന നിലയിലാണ്.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം.

Tags:    
News Summary - Sanju, Tilak and Shardul with half-centuries; India A 284

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.